ദമാസ്‌കസ്- ഏറ്റവും വിചിത്രമായ തിരോധാനകഥയിലെ നായകനായ സിറിയക്കാരൻ മുഹമ്മദ് സക്കൂർ എല്ലാവരെയും വിസ്മയപ്പെടുത്തുന്നു. സമകാലീന ലോകം കേട്ട ഏറ്റവും വിചിത്രമായ തിരോധാന കേസുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ലഡാകിയ നഗരത്തിലെ തന്റെ മുത്തച്ഛന്റെ വീടിനുള്ളിലെ ഭിത്തിക്കു പിന്നിൽ ഒരു മീറ്ററിൽ കൂടുതൽ വീതിയില്ലാത്ത സ്ഥലത്ത്, സ്വന്തം മക്കളും സഹോദരങ്ങളും അടക്കമുള്ള കുടുംബാംഗങ്ങൾ പോലും അറിയാതെ അദ്ദേഹം 13 വർഷത്തിലേറെ കാലം ചെലവഴിച്ചു. അതൊരു ഔദ്യോഗിക ജയിലായിരുന്നില്ല. പക്ഷേ അത് മുഹമ്മദ് സക്കൂർ സ്വയം തെരഞ്ഞെടുത്ത ജയിലായി മാറി. പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽഅസദിന്റെ ഭരണകാലത്ത് അറസ്റ്റ് ഒഴിവാക്കാൻ അവിടെ അദ്ദേഹം ഒളിച്ചുകഴിയുകയായിരുന്നു. പിതാവ് മരിച്ചെന്ന് വിശ്വസിച്ച് മുഹമ്മദ് സക്കൂറിന്റെ മക്കൾ വർഷങ്ങളോളം ജീവിച്ചു.
അൻനഹാർ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പ്രസിദ്ധീകരിച്ച മുഹമ്മദ് സക്കൂറിന്റെ വിവരണമനുസരിച്ച്, സിറിയൻ വിപ്ലവത്തിന്റെ ആദ്യ വർഷങ്ങളിൽ സുരക്ഷാ സേന രണ്ടുതവണ അറസ്റ്റ് ചെയ്തതിന് ശേഷമാണ് കഥയുടെ തുടക്കം. മോചിതനായ ശേഷം, സുരക്ഷാ സേന തന്നെ വീണ്ടും തിരയുന്നതായി ഒരു ബന്ധുവിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിനാൽ, മൂന്നാമതും അറസ്റ്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനായി ഒളിവിൽ പോകാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
ഒളിവിൽ പോകാൻ സക്കൂർ കുടുംബത്തിൽ നിന്ന് വളരെ അകലെയുള്ള സ്ഥലം തെരഞ്ഞെടുത്തില്ല. ഭാര്യയുടെ സഹായത്തോടെ കെട്ടിട നിർമ്മാണ സാമഗ്രികൾ വാങ്ങി, മുത്തച്ഛൻ ഉണ്ടാക്കിയ കുടുംബ വീടിനുള്ളിൽ ഭിത്തി നിർമ്മിച്ച് വളരെ ചെറിയ ഒളിത്താവളമുണ്ടാക്കി. ആ നിമിഷം മുതൽ, വീട് തന്നെ അദ്ദേഹത്തിന്റെ ഒളിത്താവളമായി മാറി. മുഹമ്മദ് സക്കൂർ ജീവിച്ചിരിപ്പുണ്ടെന്ന് അറിയാവുന്ന ഒരേയൊരു വ്യക്തി ഭാര്യ മാത്രമായിരുന്നു.
ഭിത്തിക്കു പിന്നിലെ ജീവിതം അവിശ്വസനീയമാംവിധം കഠിനമായിരുന്നു. ഭാര്യ ഒരു ചെറിയ ദ്വാരത്തിലൂടെ അദ്ദേഹത്തിന് ഭക്ഷണം, വെള്ളം, വസ്ത്രങ്ങൾ, മരുന്ന് എന്നിവ കൈമാറുമായിരുന്നു. അസുഖം വന്നാൽ, മുഹമ്മദ് സക്കൂർ തന്റെ ലക്ഷണങ്ങൾ ഭാര്യയോട് വിവരിക്കുകയും അവർ ഡോക്ടറെ സമീപിച്ച് അദ്ദേഹത്തിന്റെ അവസ്ഥ റിപ്പോർട്ട് ചെയ്യുകയും തുടർന്ന് മരുന്നുമായി മടങ്ങിയെത്തുകയുമായിരുന്നു. ആ വർഷങ്ങളിലെല്ലാം, അദ്ദേഹത്തിന് പുറത്തിറങ്ങി കുടുംബത്തെ സാധാരണ നിലയിൽ കാണാൻ കഴിഞ്ഞില്ല.
അബദ്ധവശാൽ മറ്റുള്ളവർക്കു മുന്നിൽ വെളിപ്പെടുത്തിയേക്കുമെന്ന് ഭയന്ന്, അച്ഛൻ ഭിത്തിക്ക് പിന്നിലാണെന്ന വസ്തുത ഭാര്യ മക്കളിൽ നിന്ന് പോലും രഹസ്യമായി സൂക്ഷിച്ചു. അച്ഛൻ മരിച്ചുവെന്ന് വിശ്വസിച്ചാണ് കുട്ടികൾ വളർന്ന് വലുതായത്. കുടുംബത്തിൽ നിന്ന് വെറും മീറ്ററുകൾ അകലെ ജീവിച്ചിരിക്കുമ്പോൾ തന്നെ, മുഹമ്മദ് സകൂറിന്റെ സഹോദരൻ അദ്ദേഹത്തിനായി അനുശോചന ചടങ്ങ് നടത്തി. ഒരിക്കൽ സുരക്ഷാ ഉദ്യോഗസ്ഥർ മുഹമ്മദ് സക്കൂറിനെ അന്വേഷിച്ച് വീട് റെയ്ഡ് ചെയ്തു. വീട് മുഴുവൻ തിരഞ്ഞിട്ടും അവർക്ക് അദ്ദേഹത്തെ കണ്ടെത്താനായില്ല.
വളരുന്ന തന്റെ കുട്ടികളുടെ ശബ്ദങ്ങൾ ഭിത്തിക്ക് പിന്നിൽ നിന്ന് സക്കൂറിന് കേൾക്കാമായിരുന്നു. മൂത്ത മകൻ കുട്ടിയായിരിക്കെയാണ് മുഹമ്മദ് സക്കൂർ ഒളിജീവിതം തുടങ്ങിയത്. ഇവിടെ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും മകൻ യുവാവായി മാറിയിരുന്നു. ഈ വർഷങ്ങൾ ലോകത്തിൽ നിന്നുള്ള അസാന്നിധ്യമായിരുന്നില്ല, മറിച്ച് ഒരേ വീട്ടിൽ ഉണ്ടായിരുന്നിട്ടും തന്റെ കുട്ടികളുടെ ജീവിതത്തിൽ നിന്നുള്ള വിട്ടുനിൽക്കലായിരുന്നു.
2024 ഡിസംബർ 8നാണ് ഒളിജീവിതത്തിന് അവസാനമായത്. അന്ന് പുലർച്ചെ, പുറത്ത് തക്ബീർ ധ്വനികൾ മുഴങ്ങുന്നത് കേട്ട് മുഹമ്മദ് സക്കൂർ ഭാര്യയോട് എന്താണ് സംഭവിക്കുന്നതെന്ന് ആരാഞ്ഞു. ബഷാർ അൽഅസദിന്റെ ഭരണകൂടത്തിന്റെ പതനത്തെ കുറിച്ച് അറിഞ്ഞപ്പോൾ, വർഷങ്ങളോളം ഒളിവിൽ കഴിയാൻ തന്നെ പ്രേരിപ്പിച്ച കാരണം ഇല്ലാതായെന്ന് അദ്ദേഹം മനസ്സിലാക്കി. ഇതോടെ 13 വർഷത്തിലേറെ കാലം ജീവിച്ച ഒളിത്താവളത്തിൽ നിന്ന് മുഹമ്മദ് സക്കൂർ പുറത്തുവന്നു.
എന്നാൽ അദ്ദേഹത്തിന്റെ വരവ് മറ്റൊരു ഞെട്ടൽ സൃഷ്ടിച്ചു. ഒളിത്താവളത്തിന്റെ പ്രവേശന കവാടത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന റെഫ്രിജറേറ്റർ മാറ്റാൻ ഭാര്യ മക്കളോട് ആവശ്യപ്പെട്ടു. തുടർന്ന് അവരുടെ പിതാവ് ഭിത്തിക്ക് പിന്നിലുള്ളതായി അവരോട് വെളിപ്പെടുത്തി. തുടക്കത്തിൽ തങ്ങൾ കേട്ടത് അവർക്ക് വിശ്വസിക്കാനായില്ല. കാരണം തങ്ങളുടെ പിതാവ് മരണപ്പെട്ടുപോയെന്ന് വിശ്വസിച്ചാണ് ദീർഘ വർഷങ്ങൾ അവർ ജീവിച്ചത്. എല്ലാവരെയും അമ്പരപ്പിച്ച് മുഹമ്മദ് സക്കൂർ അവർക്കു മുന്നിൽ ജീവനോടെ പ്രത്യക്ഷപ്പെട്ടതോടെ കുടുംബവീട് വിവരണാതീതമായ വൈകാരിക രംഗങ്ങൾക്ക് സാക്ഷ്യംവഹിച്ചു.







