വാഷിംഗ്ടണ്‍: ആഴ്ചകളോളം നീണ്ടുനിന്ന നയതന്ത്ര ചർച്ചകൾ ഫലം കാണാതെ സ്തംഭിച്ചതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നു. ഇറാന്റെ ഏറ്റവും നിര്‍ണായകമായ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് ആക്രമിക്കുന്നതുൾപ്പെടെയുള്ള പുതിയ സൈനിക ഓപ്ഷനുകള്‍ അമേരിക്കയും ഇസ്രായിലും സംയുക്തമായി തയ്യാറാക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന എ.ഐ നിര്‍മ്മിത ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ ചാനലില്‍ പങ്കിട്ടതോടെയാണ് പുതിയ യുദ്ധഭീതി ഉടലെടുത്തത്. യു.എസ് നേവി അഡ്മിറലിനൊപ്പം ട്രംപ് നിൽക്കുന്നതും, യു.എസ് യുദ്ധക്കപ്പല്‍ ഇറാന്‍ വിമാനം വെടിവച്ചു വീഴ്ത്തുന്നതുമായ ദൃശ്യങ്ങളാണ് ട്രംപ് പോസ്റ്റ് ചെയ്തത്. ആഴ്ചകളോളം സ്തംഭിച്ച നയതന്ത്രത്തിന് ശേഷം സൈനിക നടപടി വീണ്ടും മേശപ്പുറത്തുണ്ടാകുമെന്ന ഊഹാപോഹങ്ങള്‍ക്ക് ഇത് ആക്കം കൂട്ടിയിട്ടുണ്ട്.
അമേരിക്കയും ഇസ്രായിലും ഏറ്റവും തീവ്രമായ യുദ്ധ തയ്യാറെടുപ്പുകൾ നടത്തുന്നതായി ന്യൂയോര്‍ക്ക് ടൈംസും ഇസ്രായിലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സൈനിക വൃത്തങ്ങൾ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി 2.0’ എന്ന് വിശേഷിപ്പിക്കുന്ന ഈ പദ്ധതിയിൽ, ഇറാന്റെ സൈനിക-ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ വിപുലമായ ബോംബാക്രമണങ്ങളും ഭൂഗര്‍ഭ യുറേനിയം കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളുമാണ് ആസൂത്രണം ചെയ്യുന്നത്. തകര്‍ന്ന ആണവ കേന്ദ്രങ്ങള്‍ക്കടിയിൽ കുഴിച്ചിട്ടിരിക്കുന്നതായി കരുതപ്പെടുന്ന, ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വീണ്ടെടുക്കാന്‍ ഇറാനില്‍ യു.എസ് കമാന്‍ഡോകളെ വിന്യസിക്കുന്ന കാര്യവും ചർച്ചയിലുണ്ട്. എന്നാൽ ഇത്തരമൊരു ഓപ്പറേഷൻ അങ്ങേയറ്റം അപകടസാധ്യതയുള്ളതാണെന്നും, പ്രദേശം സുരക്ഷിതമാക്കാനും ഇറാൻ കരസേനയെ നേരിടാനും ആയിരക്കണക്കിന് സൈനികർ ആവശ്യമായി വരുമെന്നും യു.എസ് സൈനിക ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.


ഇറാന്റെ തെക്കന്‍ തീരത്ത് അറേബ്യൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഖാര്‍ഗ് ദ്വീപ് രാജ്യത്തിന്റെ എണ്ണ കയറ്റുമതിയുടെ നട്ടെല്ലായാണ് കണക്കാക്കപ്പെടുന്നത്. ഇവിടെയൊരു ആക്രമണം ഉണ്ടായാൽ അത് ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെങ്കിലും, അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുതിച്ചുയരാൻ ഇത് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചൈനയുടെ പിന്തുണയോടെ പാകിസ്ഥാൻ മധ്യസ്ഥത വഹിച്ച സമാധാന ചർച്ചകൾ പരാജയപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ദുർബലമായ വെടിനിർത്തലിനെ വലിയൊരു കരാറാക്കി മാറ്റാനായിരുന്നു ശ്രമമെങ്കിലും, യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായി നിര്‍ത്താന്‍ ഇറാന്‍ വിസമ്മതിച്ചതും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കങ്ങളുമാണ് ചർച്ചകൾ സ്തംഭിപ്പിച്ചത്.
വെള്ളിയാഴ്ച ചൈന സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ യു.എസ് പ്രസിഡന്റ് ട്രംപ് കടുത്ത നിലപാടിലാണ്. യുറേനിയം സമ്പുഷ്ടീകരണം 20 വർഷത്തേക്ക് നിർത്തിവെക്കാമെന്ന ഇറാന്റെ പുതിയ നിർദ്ദേശം അസ്വീകാര്യമാണെന്ന് ട്രംപ് വ്യക്തമാക്കി കഴിഞ്ഞു. ട്രംപിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുന്നതിനിടെ, ദിവസങ്ങൾ മുതൽ ആഴ്ചകൾ വരെ നീണ്ടുനിൽക്കാവുന്ന പുതിയ പോരാട്ടത്തിന് ഇസ്രായിൽ പൂർണ്ണ സജ്ജമാണെന്ന് മുതിർന്ന ഇസ്രായിലി ഉദ്യോഗസ്ഥൻ അറിയിച്ചു. ഇറാനുമായുള്ള ചർച്ചകൾ എങ്ങുമെത്തുന്നില്ലെന്ന് അമേരിക്കക്കാർക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.



