സ്റ്റോക്ഹോം- ചർമ്മം വെളുപ്പല്ലാത്തതിന്റെ പേരിൽ നവനീതം നവി പിള്ളയെ ജഡ്ജിമാരുടെ ചേംബറിൽ കയറുന്നതിൽനിന്ന് ഒരിക്കൽ വിലക്കിയിരുന്നു. എന്നാൽ ആ പ്രതിസന്ധികളിലൊന്നും തളരാതെ ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതിയിലെ ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിതാ ജഡ്ജിയായി നവനീതം ‘നവി’ പിള്ള മാറി. “സമാധാനവും അന്താരാഷ്ട്ര നിയമങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്” നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 85-കാരിയായ, തമിഴ് വംശജക്ക് വെള്ളിയാഴ്ച സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന വിരുദ്ധ പ്രവർത്തകരെ സംരക്ഷിക്കുന്നതിലും റുവാണ്ടൻ കൂട്ടക്കൊലയ്ക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിലും നിർണായക പങ്ക് വഹിച്ച മുൻ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ മേധാവിയാണ് അവർ. ഡർബനിലെ ഒരു ബസ് ഡ്രൈവറുടെ മകളായ നവി പിള്ളയുടെ നൊബേൽ പുരസ്കാരത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത് വർണ്ണവിവേചന കാലഘട്ടത്തിലെ ദക്ഷിണാഫ്രിക്കയിൽ നിന്നാണ്.
ദക്ഷിണാഫ്രിക്കൻ ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചതിന് പുറമെ, റുവാണ്ടയിലെ ഇന്റർനാഷണൽ ക്രിമിനൽ ട്രൈബ്യൂണലിലും ഇന്റർനാഷണൽ ക്രിമിനൽ കോർട്ടിലും (ICC) അവർ ശ്രദ്ധേയമായ സേവനമനുഷ്ഠിച്ചു. 2008 മുതൽ 2014 വരെ യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും പ്രവർത്തിച്ചു.
ആരാണ് നവി പിള്ള?
ഇന്ത്യൻ തമിഴ് വംശജരായ ദമ്പതികളുടെ മകളായി ജനിച്ച പിള്ള, വംശീയവും സാമ്പത്തികവുമായ നിരവധി കടമ്പകൾ മറികടന്നാണ് അന്താരാഷ്ട്ര നിയമരംഗത്തെ പ്രമുഖ വ്യക്തിത്വമായി ഉയർന്നത്. എട്ട് മക്കളടങ്ങിയ കുടുംബത്തെ വളർത്താൻ പിതാവ് നാരായണസാമി നായ്ഡുവും മാതാവ് ശാന്തമ്മയും ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു.
വർണ്ണവിവേചന കാലത്ത് കറുത്തവർഗ്ഗക്കാർ നേരിട്ട കടുത്ത വെല്ലുവിളികൾക്കിടയിലും പിള്ള വിദ്യാഭ്യാസം പൂർത്തിയാക്കി. 1963-ൽ നടാൽ സർവ്വകലാശാലയിൽ നിന്ന് ബി.എ ബിരുദവും രണ്ട് വർഷത്തിന് ശേഷം നിയമബിരുദവും നേടി. തുടർന്ന് ഹാർവാർഡ് സർവ്വകലാശാലയിൽനിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.1965-ൽ ഇന്ത്യൻ വംശജനായ അഭിഭാഷകൻ ഗാബി പിള്ളയെ വിവാഹം കഴിച്ചു. ഐശ്വരി, കാമിനി എന്നിവരാണ് മക്കൾ.
വെളുത്തവർഗ്ഗക്കാർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന പബ്ലിക് പാർക്കുകളിലേക്ക്, വിലക്കുകൾ നിലനിൽക്കെത്തന്നെ തന്റെ പെൺമക്കളെ കൊണ്ടുപോയിരുന്ന കാര്യം ഈ നവനീതം മുമ്പൊരു ദക്ഷിണാഫ്രിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഓർത്തെടുത്തിട്ടുണ്ട്.
1967-ൽ നടാലിൽ സ്വന്തമായി ലോ ഫേം ആരംഭിക്കുന്ന ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിതയായി അവർ മാറി. ഒരു ചെറിയ ഓഫീസിൽ നിന്ന് പ്രവർത്തനം ആരംഭിച്ച പിള്ള, വർഷങ്ങളോളം വർണ്ണവിവേചന വിരുദ്ധ പ്രവർത്തകർക്കും രാഷ്ട്രീയ തടവുകാർക്കും വേണ്ടി കോടതികളിൽ വാദിച്ചു.
ദക്ഷിണാഫ്രിക്കയിലെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള അവരുടെ പ്രവർത്തനങ്ങളും പ്രശംസനീയമാണ്. 1992-ൽ മനുഷ്യാവകാശ പ്രവർത്തകയായ ജെസ്സിക്ക ന്യൂവിർത്തിനൊപ്പം ചേർന്ന് ‘ഇക്വാലിറ്റി നൗ’ എന്ന സ്ത്രീ അവകാശ സംഘടനയ്ക്ക് രൂപം നൽകി. പെൺകുട്ടികളിലെ ജനനേന്ദ്രിയ ഛേദനം, നിർബന്ധിത ബാലവിവാഹം തുടങ്ങിയ അനാചാരങ്ങൾ അവസാനിപ്പിക്കുന്നതിനായി ഈ സംഘടന പ്രവർത്തിച്ചു. വർണ്ണവിവേചന ഭരണകൂടത്തിന്റെ അന്ത്യത്തിനുശേഷം 1995-ൽ ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ ജഡ്ജിയായി അവർ നിയമിതയായി.
വർണ്ണവിവേചന ദക്ഷിണാഫ്രിക്കയിൽ നിന്ന് അന്താരാഷ്ട്ര കോടതികളിലേക്ക്
അതേ വർഷം തന്നെ റുവാണ്ടയിലെ ഇന്റർനാഷണൽ ക്രിമിനൽ ട്രൈബ്യൂണൽ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ അവരുടെ കരിയർ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർന്നു.1994-ൽ റുവാണ്ടയിലുണ്ടായ കൂട്ടക്കൊലയ്ക്ക് കാരണക്കാരായവരെ വിചാരണ ചെയ്യാനാണ് ഈ ട്രൈബ്യൂണൽ രൂപീകരിച്ചത്. തീവ്ര ദേശീയവാദി മിലിഷ്യകൾ ലക്ഷക്കണക്കിന് ടുട്സി (Tutsi) വിഭാഗക്കാരെ വധിക്കുകയും ആയിരക്കണക്കിന് സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത സംഭവമായിരുന്നു അത്. അന്നത്തെ റുവാണ്ടൻ പ്രസിഡന്റ് ജൂവനെൽ ഹബ്യാരിമാന കൊല്ലപ്പെട്ടതായിരുന്നു ഈ അക്രമങ്ങൾക്ക് തുടക്കമിട്ടത്.
എട്ട് വർഷത്തോളം ഈ ട്രൈബ്യൂണലിൽ സേവനമനുഷ്ഠിച്ച പിള്ള, 1999 മുതൽ 2003 വരെ അതിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. പിന്നീട് ഇന്റർനാഷണൽ ക്രിമിനൽ കോർട്ടിലും (ICC) ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 2008-ൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസിന് നേതൃത്വം നൽകുന്ന ആദ്യ വനിതയായി നവി പിള്ള മാറി. വൈകാതെ, യു.എൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ അധ്യക്ഷയെന്ന നിലയിൽ ഗാസയിൽ വംശഹത്യ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയ റിപ്പോർട്ടും അവർ പുറത്തുവിട്ടിരുന്നു.
അന്താരാഷ്ട്ര നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലോകസമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും നൽകിയ നിർണായക സംഭാവനകൾ പരിഗണിച്ചാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയും തമിഴ് വംശജയുമായ നവി പിള്ളയ്ക്ക് ഈ അംഗീകാരം ലഭിച്ചതെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി ചെയർമാൻ ജോർഗൻ വാട്നെ ഫ്രൈഡ്നസ് അറിയിച്ചു.
“അന്താരാഷ്ട്ര നിയമങ്ങളുടെ വ്യാപ്തിയും സ്വാധീനവും വിപുലീകരിക്കുന്നതിൽ അവർ വലിയ പങ്കുവഹിച്ചു. കൂടുതൽ സമഗ്രമായ ഒരു ആഗോള നിയമവ്യവസ്ഥയ്ക്ക് അവർ വഴികാട്ടിയായി,” ഫ്രൈഡ്നസ് വ്യക്തമാക്കി. കടുത്ത വംശീയ വിവേചനങ്ങൾ നേരിട്ടുകൊണ്ട് ദക്ഷിണാഫ്രിക്കയിൽ ഒരു അഭിഭാഷകയായി കരിയർ ആരംഭിച്ച അവരുടെ ദീർഘകാലത്തെ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. കൂടുതൽ സമാധാനപരമായ ഒരു ലോകം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും നവി പിള്ളയുടെ പ്രവർത്തനങ്ങൾ “പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും ഉറവിടമാണ്” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
“യുദ്ധങ്ങളും സംഘർഷങ്ങളും വർദ്ധിച്ചുവരികയും അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളും ന്യായാധിപന്മാരും രാഷ്ട്രീയമായ ആക്രമണങ്ങൾ നേരിടുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ, ബലപ്രയോഗമോ അക്രമമോ ഇല്ലാതെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള ശേഷി നിലനിൽക്കുന്നത് അന്താരാഷ്ട്ര നിയമവാഴ്ചയിലാണെന്ന് ഓർമ്മിപ്പിക്കാനാണ് നൊബേൽ കമ്മിറ്റി ആഗ്രഹിക്കുന്നത്,” പുരസ്കാര പ്രഖ്യാപന വേളയിൽ കമ്മിറ്റി വ്യക്തമാക്കി.
ഇരകളുടെ ശബ്ദം
അസമത്വം നിറഞ്ഞ ഒരു വർണ്ണവിവേചന സമൂഹത്തിലെ വളർച്ചയാണ് വിവേചനങ്ങൾക്കെതിരെ എവിടെയും പോരാടാൻ പിള്ളയ്ക്ക് പ്രേരണയായത്. അപൂർവ്വമായ ഈ നേട്ടങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഇരകളുടെ ശക്തമായ ശബ്ദമായി മാറാൻ അവർക്ക് സാധിച്ചു. ഏറ്റവും ക്രൂരമായ അധിക്ഷേപങ്ങളും വംശീയ വിവേചനങ്ങളുമാണ് ഞങ്ങൾ സഹിച്ചത്. അവരെന്നെ തരംതാഴ്ത്തി കഷണങ്ങളെപ്പോലെയാണ് കൈകാര്യം ചെയ്തത്- നവനീതം പിള്ള പറഞ്ഞു.
അത് നമ്മളെ ഒന്നുകിൽ ദുർബലരാക്കി കരയിപ്പിക്കാം, അല്ലെങ്കിൽ ഓരോ ഘട്ടത്തിലും പോരാടാൻ പ്രേരിപ്പിക്കാം.
അതുകൊണ്ട് ഞാൻ ആരാണെന്നതിനെക്കുറിച്ചും ഏതുതരം വിവേചനങ്ങളെയും എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും എനിക്ക് എപ്പോഴും വ്യക്തമായ ആത്മവിശ്വാസമുണ്ടായിരുന്നു. വായ തുറന്ന് സംസാരിക്കുക, അതിനെ അപലപിക്കുക. അതുതന്നെയാണ് ഞാൻ യു.എന്നിലും ചെയ്തത്- അവർ കൂട്ടിച്ചേർത്തു.







