മക്ക- മലയാളി നഴ്സസ് ഫോറം മക്ക സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മക്കയിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന നഴ്സിംഗ് സമൂഹത്തെയും അവരുടെ കുടുംബങ്ങളെയും പങ്കാളികളാക്കി സംഘടിപ്പിച്ച ‘സ്പർശം 2026’ സ്പോർട്സ് മെഗാ ഫെസ്റ്റ് വൻ ജനപങ്കാളിത്തത്തോടെയും ആവേശകരമായ മത്സരങ്ങളോടെയും സമാപിച്ചു.
മക്ക റാഷിദിയയിലെ സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന കായികമേളയിൽ വിവിധ ഗവൺമെന്റ്, സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള നഴ്സിംഗ് ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. ആരോഗ്യ രംഗത്ത് അഹോരാത്രം പണിയെടുക്കുന്ന നഴ്സിംഗ് സമൂഹത്തിന് മാനസികോല്ലാസവും സൗഹൃദവും പങ്കുവെക്കാനുള്ള അപൂർവ്വ വേദിയായി മാറുകയായിരുന്നു മെഗാ ഫെസ്റ്റ്.

വടംവലി, ഫുട്ബോൾ, അത്ലറ്റിക് മത്സരങ്ങൾ, ബാഡ്മിന്റൺ, കുട്ടികൾക്കും വനിതകൾക്കുമായി പ്രത്യേകം സംഘടിപ്പിച്ച ഇൻഡോർ-ഔട്ട്ഡോർ ഗെയിമുകൾ എന്നിവ കായികമേളക്ക് മാറ്റുകൂട്ടി.
വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ വിജയികളായവർക്ക് എം എൻ എഫ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിശിഷ്ടാതിഥികളും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കിങ് അബ്ദുല്ലാഹ് മെഡിക്കൽ സിറ്റിക്ക് പ്രഥമ ചാമ്പ്യൻഷിപ്പും, എം സി എച്ച് ഹോസ്പിറ്റൽ റണ്ണർ അപ്പും, സെക്യൂരിറ്റി ഫോഴ്സ് ഹോസ്പിറ്റൽ മൂന്നാം സ്ഥാനവും കരസ്തമാക്കി
എം.എൻ.എഫ് മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ മലയിൽ, ജനറൽ സെക്രട്ടറി അബ്ദുൽ സാലിഹ്, സ്പോർട്സ് കമ്മിറ്റി കൺവീനർ ബുഷ്റുൽ ജംഹർ, സ്പോർട്സ് കോർഡിനേറ്റർ അലി, മറ്റ് ഭാരവാഹികൾ, കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മക്കയിലെ നഴ്സിംഗ് സമൂഹത്തിന്റെ കൂട്ടായ്മയും പരസ്പര സഹകരണവും കൂടുതൽ ദൃഢമാക്കാൻ ഇത്തരത്തിലുള്ള കലാ-കായിക പരിപാടികൾക്ക് കഴിയുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.



