ബെയ്റൂത്ത് – ഇറാന് മിസൈലുകള്‍ ലെബനോനു മുകളിലൂടെ ഇസ്രായിലിലേക്ക് പറക്കുന്നതിന്റെ കാഴ്ച ആസ്വദിച്ച് ഭക്ഷണ, പാനീയങ്ങള്‍ കഴിക്കാന്‍ അപൂര്‍വ അവസരമൊരുക്കുന്ന സീറ്റുകളില്‍ ഇരിക്കാന്‍ ലെബനീസ് റെസ്റ്റോറന്റ് ഉപഭോക്താക്കളില്‍ നിന്ന് അധിക നിരക്ക് ഈടാക്കുന്നു. ഇസ്രായിലുമായുള്ള സൈനിക സംഘര്‍ഷത്തിനിടയില്‍ ഇറാനില്‍ നിന്ന് വിക്ഷേപിക്കുന്ന മിസൈലുകള്‍ ലെബനോനു മുകളിലൂടെ കടന്നുപോകുന്നതും ഇസ്രായിലില്‍ പതിക്കുന്നതും കാണാനാണ് അധിക നിരക്ക്.
മുന്‍വശത്തെ ടെറസിലെ ഇരിപ്പിടങ്ങള്ക്കാണ് ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ അതിര്‍ത്തി പ്രദേശത്തുള്ള റെസ്റ്റോറന്റ് ഉപഭോക്താക്കളില്‍ നിന്ന് അധിക നിരക്ക് ആയി 250 ലെബനീസ് പൗണ്ട് (ലീറ) ഈടാക്കുന്നത്. ഇത് വ്യാപകമായ വിവാദത്തിന് തിരികൊളുത്തി.
പുതിയ നിരക്ക് ഈടാക്കുന്നത് കാണിക്കുന്ന, ഹൈഫെഷ് റെസ്റ്റോറന്റിന്റെ ബില്ലിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രചരിപ്പിച്ചു. മിസൈല്‍ കാണല്‍ നിരക്ക് ബില്ലില്‍ ചേര്‍ത്തതായി ഫോട്ടോകള്‍ വ്യക്തമാക്കുന്നു. റെസ്റ്റോറന്റ് അധികൃതര്‍ സംഘര്‍ഷം ചൂഷണം ചെയ്യുകയാണെന്നും വിവാദപരമായ വിനോദസഞ്ചാര കേന്ദ്രമാക്കി സ്ഥാപനത്തെ മാറ്റുകയാണെന്നും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ കുറ്റപ്പെടുത്തി. റെസ്റ്റോറന്റ് അധികൃതരുടെ തീരുമാനം വ്യാപകമായ വിമര്‍ശനവും പരിഹാസവും വിളിച്ചുവരുത്തി. എന്നാല്‍ മേഖലയില്‍ സംഘര്‍ഷം മൂര്‍ഛിച്ചത് ഔട്ട്ഡോര്‍ ഇരിപ്പിടങ്ങള്‍ക്കുള്ള ആവശ്യം ഗണ്യമായി വര്‍ധിച്ചെന്ന് പറഞ്ഞ് റെസ്റ്റോറന്റ് ഉടമകള്‍ അധിക നിരക്കിനെ ന്യായീകരിച്ചു.