ന്യൂയോർക്ക്- ഇറാനുമായി നല്ല രീതിയിലുള്ള ചർച്ചകൾ നടക്കുകയാണെന്നും മികച്ച ഫലം ലഭിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ പക്കൽ യുദ്ധക്കോപ്പുകൾ കുറവാണെന്ന വാദവും ട്രംപ് വീണ്ടും നിഷേധിച്ചു. അതേസമയം, ഇസ്രായേലിന്റെ സ്വാധീനത്താൽ അഞ്ച് മാസമായി തുടരുന്ന യുദ്ധത്തിന് ശേഷം അമേരിക്ക കുടുങ്ങിക്കിടക്കുകയാണെന്നും കഷ്ടപ്പെടുകയാണെന്നും, ഇതിന് അവർ തീർച്ചയായും വില നൽകേണ്ടിവരുമെന്നും ഇറാൻ പറഞ്ഞു.
ഇറാൻ തങ്ങളുടെ പ്രതിനിധികൾ വഴിയും നേരിട്ടും ഒരു കൂടിക്കാഴ്ച ആവശ്യപ്പെട്ടുവെന്നും അതനുസരിച്ച് ഞങ്ങൾ ചർച്ചകൾ നടത്തുകയാണെന്നും ട്രംപ് പറഞ്ഞു. ഞങ്ങൾ ഇപ്പോൾ ഇറാനുമായി സംസാരിക്കുന്നുണ്ട്. നല്ല രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കൂട്ടിച്ചേർത്ത ട്രംപ്,”ഞങ്ങൾ മോശമായാണ് കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ അവർ ഒരു കൂടിക്കാഴ്ച ആവശ്യപ്പെടില്ലായിരുന്നുവെന്നും ഞങ്ങൾ ശക്തമായി തിരിച്ചടിച്ചതുകൊണ്ട് മാത്രമാണ് അവർ കൂടിക്കാഴ്ചയ്ക്ക് തയ്യാറായതെന്നും അഭിപ്രായപ്പെട്ടു.
യെമനിലെ ഹൂതികളെക്കുറിച്ച് പരാമർശിക്കവേ, സൗദി അറേബ്യയുമായി യു.എസ് സഹകരിക്കുന്നുണ്ടെങ്കിലും നിലവിൽ ഈ പ്രശ്നത്തിൽ ഇടപെടില്ലെന്നും എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഞങ്ങൾ ഇടപെട്ടേക്കാം എന്നും കൂട്ടിച്ചേർത്തു.





