ഇസ്ലാമാബാദ് – ഒരു മാസത്തിലേറെയായി ഇസ്രായിലിന്റെ ശക്തമായ വ്യോമ, കരയാക്രമണങ്ങള്‍ക്ക് വിധേയമാകുന്ന ലെബനോനും വെടിനിര്‍ത്തലില്‍ ഉള്‍പ്പെടുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫ് പറഞ്ഞു. യു.എസും ഇറാനും അവരുടെ സഖ്യകക്ഷികളും അടിയന്തിര വെടിനിര്‍ത്തലിന് സമ്മതിച്ചതായി പാക് പ്രധാനമന്ത്രി അറിയിച്ചു. ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാനെതിരായ യു.എസ്-ഇസ്രായില്‍ യുദ്ധം അവസാനിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ തുടര്‍ന്ന്, ലെബനോനും മറ്റ് സ്ഥലങ്ങളും ഉള്‍പ്പെടെ പശ്ചിമേഷ്യയിലെ എല്ലാ മേഖലകളും വെടിനിര്‍ത്തലില്‍ ഉള്‍പ്പെടുന്നു.
ലെബനോനും മറ്റ് സ്ഥലങ്ങളും ഉള്‍പ്പെടെ എല്ലായിടത്തും ഉടനടി പ്രാബല്യത്തില്‍ വരുന്ന അടിയന്തിര വെടിനിര്‍ത്തലിന് ഇറാനും അമേരിക്കയും അവരുടെ സഖ്യകക്ഷികളും സമ്മതിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് ഷെരീഫ് എക്സില്‍ വ്യക്തമാക്കി. അന്തിമ കരാറിലെത്താന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ വെള്ളിയാഴ്ച പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാശ്വത സമാധാനം കൈവരിക്കുന്നതില്‍ ഇസ്ലാമാബാദ് ചര്‍ച്ചകള്‍ വിജയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ നല്ല വാര്‍ത്തകള്‍ പങ്കിടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി കൂട്ടിചേർത്തു.
ഫെബ്രുവരി 28 ന് ഇസ്രായിലും അമേരിക്കയും ഇറാനില്‍ ആക്രമണം നടത്തി ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഇയെ കൊലപ്പെടുത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇത് ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇസ്രായിലിനുമെതിരെ പ്രതികാര ആക്രമണം നടത്താന്‍ ഇറാനെ പ്രേരിപ്പിച്ചു. ഹിസ്ബുല്ല ഇസ്രായിലിനെതിരെ റോക്കറ്റുകള്‍ തൊടുത്തുവിട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 2 ന് ലെബനോനിലേക്കും യുദ്ധം വ്യാപിച്ചു. ഇസ്രായിലില്‍ ലെബനോനില്‍ വ്യാപകമായ വ്യോമാക്രമണങ്ങളും തെക്കന്‍ പ്രദേശങ്ങളില്‍ കര ആക്രമണവും നടത്തി.
ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാന് നിശ്ചയിച്ച സമയപരിധി അവസാനിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രായിലും താല്‍ക്കാലിക വെടിനിര്‍ത്തലിന് സമ്മതിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ സി.എന്‍.എന്നിനോട് പറഞ്ഞു.



