റാമല്ല – വെസ്റ്റ് ബാങ്കിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഇസ്രായിൽ സേന ഇന്ന് 27 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. നബ്ലസിന് തെക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന അവർത്ത ഗ്രാമത്തിൽ നിന്ന് 21 ഫലസ്തീനികളെ ഇസ്രായിൽ സൈന്യം അറസ്റ്റ് ചെയ്തതായി ഫലസ്തീൻ വാർത്താ വിവര ഏജൻസി (വഫാ) റിപ്പോർട്ട് ചെയ്തു. പുലർച്ചെ ഗ്രാമത്തിൽ സൈന്യം അതിക്രമിച്ചു കയറി ഡസൻ കണക്കിന് വീടുകൾ റെയ്ഡ് ചെയ്തു. ചില വീടുകൾ ചോദ്യം ചെയ്യൽ കേന്ദ്രങ്ങളാക്കി മാറ്റി. തുടർന്ന് ഫലസ്തീനികളുടെ വീടുകളിലെ വസ്തുവകകൾ കേടുവരുത്തിയ ശേഷം അവരെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് വഫാ പറഞ്ഞു.
ഹെബ്രോൺ ഗവർണറേറ്റിൽ നിന്ന് ഒരു പത്രപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് ഫലസ്തീനികളെ അധിനിവേശ സേന അറസ്റ്റ് ചെയ്തു. തൂൽകറമിൽ നിന്ന് ഒരു കുട്ടിയുൾപ്പെടെ മൂന്ന് യുവാക്കളെയും റാമല്ലയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന സിൽവാദ് ഗ്രാമത്തിൽ നിന്ന് ഒരു യുവാവിനെയും വീട് റെയ്ഡ് ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തു. സമാനമായ മറ്റൊരു സംഭവത്തിൽ, ബെത്‌ലഹേമിന് വടക്കുള്ള ആയിദ അഭയാർഥി ക്യാമ്പിൽ 20 ഫലസ്തീനികളെ ഇസ്രായിൽ സൈന്യം കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
അതേസമയം, വിദേശ മാധ്യമപ്രവർത്തകർ ഗാസ മുനമ്പിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരണമെന്ന് ഇസ്രായിൽ അധികൃതർ സുപ്രീം കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിൽ പോലും മാധ്യമപ്രവർത്തകരെ സൈനികരുടെ അകമ്പടിയില്ലാതെ ഗാസ മുനമ്പിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് ഗവൺമെന്റിനുവേണ്ടി അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ സമർപ്പിച്ച മെമ്മോറാണ്ടം പറഞ്ഞു. വിദേശ മാധ്യമപ്രവർത്തകർ ഗാസയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ അപകടസാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന സുരക്ഷാ വകുപ്പിന്റെ അഭിപ്രായത്തെ അടിസ്ഥാനമാക്കിയാണ് ഈ നിലപാടെന്ന് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു.



