തെൽഅവീവ്- ഗാസയിൽ പൂർണ്ണതോതിലുള്ള യുദ്ധം പുനരാരംഭിക്കുന്നതും അവിടുത്തെ ഇരുപത് ലക്ഷത്തോളം വരുന്ന ഫലസ്തീനികളെ നിർബന്ധപൂർവ്വം പുറത്താക്കുന്നതും സമയത്തിന്റെ മാത്രം കാര്യമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സ് പറഞ്ഞു. തുറന്നടിച്ചുള്ള പ്രസ്താവനകൾക്ക് പേരുകേട്ട കാറ്റ്സ്, ഒക്ടോബർ 27ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റൊരു വലതുപക്ഷ നേതാവിൽ നിന്നുണ്ടായ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു. 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രായേൽ നടത്തിയ സൈനിക നടപടിയിൽ ഗാസയിലെ 70 ശതമാനം പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഇതിനകം ഒഴിപ്പിച്ചുകഴിഞ്ഞതായി കാറ്റ്സ് പറഞ്ഞു.
ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഫലസ്തീനികളെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ, ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഏത് പദ്ധതിയും തള്ളിക്കളയുന്നതായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി പറഞ്ഞു. ഫലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കാനും ഫലസ്തീൻ വിഷയത്തെ ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമത്തിനും എതിരായ ഈജിപ്തിന്റെ ഉറച്ച നിലപാട്, ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അൽസീസി ആവർത്തിച്ച് വ്യക്തമാക്കി.
ഈജിപ്തിന്റെ ഉറച്ച നിലപാടുകളെ മഹ്‌മൂദ് അബ്ബാസ് പ്രശംസിച്ചതായി ഫലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ നിയന്ത്രണത്തിലല്ലാത്ത, ഗാസ മുനമ്പുമായുള്ള ഏക കര അതിർത്തി പങ്കിടുന്ന രാജ്യമാണ് ഈജിപ്ത്. ഗാസയിലെ ഇരുപത് ലക്ഷത്തിലധികം വരുന്ന ജനങ്ങളെ സിനായ് ഉപദ്വീപിലേക്ക് കുടിയൊഴിപ്പിക്കാനുള്ള പദ്ധതികളെ ഈജിപ്ത് 2023 മുതൽ തള്ളിക്കളഞ്ഞിട്ടുണ്ട്.







