ബെയ്‌റൂത്ത് – ഇന്ന് പുലര്‍ച്ചെ തെക്കന്‍ ലെബനോനിലെ കഫര്‍ റമ്മാന്‍ ഗ്രാമത്തില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്രാമത്തിലെ റൗണ്ട്എബൗട്ടിനടുത്തുള്ള മൂന്ന് നില റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനു നേരെയാണ് ആക്രമണമുണ്ടായത്. കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. തെക്കന്‍ ലെബനോനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും ആംബുലന്‍സ് സംഘങ്ങളും അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇരകളെ വീണ്ടെടുത്തു. ലെബനോന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, മാര്‍ച്ച് 2 മുതല്‍ സെപ്റ്റംബര്‍ 2 വരെ ഇസ്രായില്‍ ആക്രമണങ്ങളില്‍ ആകെ 4,354 പേര്‍ കൊല്ലപ്പെടുകയും 12,325 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്നലെ രാത്രി ഗാസ മുനമ്പില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പിലും പീരങ്കി ഷെല്ലാക്രമണത്തിലും ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയില്‍ ഫലസ്തീനികളുടെ ഒത്തുചേരലിനു നേരെയും മധ്യഗാസ മുനമ്പിലെ ദെയ്ര്‍ അല്‍ബലഹില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കുന്ന സ്‌കൂളിനു നേരെയും ഇസ്രായില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്കില്‍ ഖല്‍ഖിലിയയുടെ കിഴക്കുള്ള ഹജ്ജ ഗ്രാമത്തില്‍ ഒരു കൂട്ടം ജൂതകുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടതായും രണ്ടു പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 20 വയസ്സകാരന്‍ ഉമര്‍ മുഹമ്മദ് തൂബാസിയയാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിയുടെ തീരത്ത് ജോലി ചെയ്യുന്നതിനിടെ മൂന്ന് ഫലസ്തീന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇസ്രായില്‍ സേന നടത്തിയ വെടിവെപ്പില്‍ ഇന്ന് പരിക്കേറ്റു.
അധിനിവിഷ്ട ജറൂസലമിന് വടക്കുള്ള ബെയ്ത് ഹനീന ഗ്രാമത്തില്‍, സൈനിക ബുള്‍ഡോസറുകളുടെ അകമ്പടിയോടെ, ഇസ്രായിലി അധിനിവേശ സേന ഇന്ന് ഫലസ്തീനികളുടെ മൂന്ന് വീടുകള്‍ തകര്‍ത്തു. വെസ്റ്റ് ബാങ്കിന്റെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ വ്യാപകമായ റെയ്ഡുകളില്‍ അധിനിവേശ സേന കുറഞ്ഞത് 19 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.
ഇസ്രായേൽ അവസരം തേടുന്നു, ട്രംപ് കപ്പലുകൾ അയക്കുന്നു; നയതന്ത്രം വഴിമുട്ടുന്ന പശ്ചിമേഷ്യയിൽ അതീവ ജാഗ്രത
അതിനിടെ, ഇന്ന് വെസ്റ്റ് ബാങ്കില്‍ ഫലസ്തീനിയുടെ ആക്രമണത്തില്‍ ഒരു ഇസ്രായിലിക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനത്തില്‍ ഫാമില്‍ എത്തിയ അക്രമി, തന്നെ സമീപിച്ച ഒരു താമസക്കാരനുമായി സംസാരിച്ചു. തുടര്‍ന്ന് നിരവധി തവണ അയാളെ കുത്തി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് ഇസ്രായിലി ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടന്ന ഏരിയല്‍ പ്രദേശം മുഴുവന്‍ അടച്ച് എല്ലാ ദിശകളിലേക്കും ഗതാഗതം നിരോധിച്ച് സുരക്ഷാ സേന കുറ്റവാളിക്കായി തിരച്ചില്‍ ആരംഭിച്ചതായി ചാനല്‍ സൂചിപ്പിച്ചു.







