ഗാസ– ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വിവിധ വ്യോമാക്രമണങ്ങളിൽ 13 വയസ്സുള്ള ബാലനും പിതാവും ഉൾപ്പെടെ ഏഴ് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി മെഡിക്കൽ ജീവനക്കാരും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരും അറിയിച്ചു.
ഗാസ നഗരത്തിലെ സെയ്തൂൻ ഡിസ്ട്രിക്റ്റിൽ അഭയാർത്ഥികൾ തങ്ങിയിരുന്ന തമ്പിന് നേരെയാണ് ആദ്യ ആക്രമണമുണ്ടായത്. സംഭവത്തിൽ ഫാദി റജബ്, അദ്ദേഹത്തിന്റെ മകൻ അബൂബക്കർ എന്നിവർ കൊല്ലപ്പെട്ടു. ദരജ് ഡിസ്ട്രിക്റ്റിൽ സ്കൂളിന് സമീപമുണ്ടായ മറ്റൊരു വ്യോമാക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. പ്രദേശത്തെ പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം.
ഗാസ നഗരത്തിലെ സബ്റ ഡിസ്ട്രിക്റ്റിൽ കൊല്ലപ്പണിശാലയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് പേരും, തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുണ്ടായ വെടിവെപ്പിൽ ഒരാളും കൊല്ലപ്പെട്ടു. എന്നാൽ സബ്റ, ഖാൻ യൂനിസ് ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഇസ്രായേൽ സൈന്യം തയ്യാറായിട്ടില്ല.
അമേരിക്കയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിനു ശേഷവും ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. ഹമാസിനെ നിരായുധീകരിക്കാനും ഇസ്രായേൽ സൈന്യത്തെ പിൻവലിക്കാനുമുള്ള കരാർ നിബന്ധനകളിൽ ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്. നിലവിൽ ഗാസയുടെ മൂന്നിൽ രണ്ട് ഭാഗവും ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
വെടിനിർത്തൽ കരാറിന് ശേഷം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 1,600-ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതേ കാലയളവിൽ നാല് ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.



