അബുദാബി– അറേബ്യൻ ഉൾക്കടലിൽ യു.എ.ഇ സമുദ്രാതിർത്തിയിൽ ഇന്ന് ഉച്ചയ്ക്ക് നടന്ന ആക്രമണത്തിൽ തങ്ങളുടെ ഒരു കപ്പലിന് കേടുപാടുകൾ സംഭവിച്ചതായി യു എ ഇയുടെ അഡ്നോക് ലോജിസ്റ്റിക്സ് ആന്റ് സർവീസസ് അറിയിച്ചു. സംഭവത്തിൽ ബന്ധപ്പെട്ട ഏജൻസികൾ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിനിരയായ കപ്പലേതാണെന്നോ, കേടുപാടുകളുടെ വ്യാപ്തി എത്രയാണെന്നോ വ്യക്തമാക്കാൻ കമ്പനി തയ്യാറായിട്ടില്ല. സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും കമ്പനി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) സമുദ്ര ലോജിസ്റ്റിക് വിഭാഗമായ കമ്പനി, 50ലധികം രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.



