തെഹ്റാൻ– ഇറാന്റെ സൈനിക നിർമ്മാണ ശേഷി 85 ശതമാനത്തോളം ഇല്ലാതാക്കിയെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കകം പുതിയ ഭൂഗർഭ മിസൈൽ നഗരം അനാച്ഛാദനം ചെയ്ത് ഇറാന്റെ മറുപടി. തന്ത്രപ്രധാനമായ ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ, വാർഹെഡുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, മൊബൈൽ ലോഞ്ച് പ്ലാറ്റ്ഫോമുകൾ എന്നിവ ഉൾപ്പെടുന്ന കേന്ദ്രത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടു.

സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അലി അബ്ദുല്ലാഹിയും റെവല്യൂഷണറി ഗാർഡ് മിസൈൽ യൂണിറ്റ് കമാൻഡർ മജീദ് മൂസവിയും മിസൈൽ നഗരത്തിൽ സന്ദർശനം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുദ്ധക്കളത്തിൽ ഈ നൂതന മിസൈലുകളുടെ പ്രഹരശേഷി ശത്രുക്കളെ അത്ഭുതപ്പെടുത്തുമെന്ന് അബ്ദുല്ലാഹി മുന്നറിയിപ്പ് നൽകി. എന്നാൽ ഈ സൈനിക കേന്ദ്രത്തിന്റെ കൃത്യമായ സ്ഥാനവും മിസൈലുകളുടെ എണ്ണവും ഇറാൻ വെളിപ്പെടുത്തിയിട്ടില്ല.
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇറാന്റെ സൈനിക ശേഷി ബഹുഭൂരിഭാഗവും തകർത്തതായി ട്രംപ് അവകാശപ്പെട്ടത്. നിലവിൽ ഇറാൻ നിയന്ത്രിത അളവിൽ മാത്രമാണ് മിസൈലുകളും ഡ്രോണുകളും ഉൽപ്പാദിപ്പിക്കുന്നത്. ഈ ഘട്ടത്തിൽ പെട്ടെന്നൊരു സൈനിക നടപടി ആവശ്യമില്ലെന്നും എന്നാൽ സാഹചര്യങ്ങൾ മാറിയാൽ തിരിച്ചടിക്കാൻ യു.എസ് സജ്ജമാണെന്നും ട്രംപ് പറഞ്ഞു. മേഖലയിലേക്ക് പുതിയ യുദ്ധക്കപ്പലുകൾ അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.



