റാമല്ല – അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നാബ്ലസിനടുത്ത് ഇസ്രായില്‍ സൈന്യം രണ്ട് ഫലസ്തീന്‍ യുവാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 ഉം 25 ഉം വയസ്സുള്ള രണ്ട് യുവാക്കളാണ് ഇസ്രായില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇരുവരുടെയും ആക്രമണ ശ്രമം തങ്ങള്‍ പരാജയപ്പെടുത്തുകയായിരുന്നെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. രണ്ട് ഭീകരര്‍ ഐ.ഡി.എഫ് സൈനികര്‍ക്കു മേല്‍ വാഹനം ഓടിച്ചുകയറ്റാനും അവര്‍ക്കു നേരെ വെടിവെപ്പ് നടത്താനും ശ്രമിക്കുകയായിരുന്നെന്ന് ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. സൈനികര്‍ വെടിവെപ്പിലൂടെ പ്രതികരിക്കുകയും ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തു. ഐ.ഡി.എഫ് സൈനികരില്‍ ആര്‍ക്കും പരിക്കില്ലെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
,
1967 മുതല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയിരിക്കുന്ന വെസ്റ്റ് ബാങ്കില്‍ 2023 ഒക്ടോബര്‍ 7 ന് ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം അക്രമം കുത്തനെ വര്‍ധിച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ടും വെസ്റ്റ് ബാങ്കില്‍ അക്രമത്തിന് ഒരു ശമനവുമുണ്ടായിട്ടില്ല. ഗാസ യുദ്ധം ആരംഭിച്ച ശേഷം വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈന്യമോ ജൂതകുടിയേറ്റക്കാരോ കുറഞ്ഞത് 1,045 ഫലസ്തീനികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കൂട്ടത്തില്‍ ഏതാനും പേര്‍ പോരാളികളാണ്. ഫലസ്തീനികള്‍ നടത്തിയ ആക്രമണങ്ങളിലോ ഇസ്രായിലി സൈനിക നടപടികളിലോ സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ 45 ഇസ്രായിലികള്‍ കൊല്ലപ്പെട്ടതായാണ് ഇസ്രായിലിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.



