ഗാസ – ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ മൂന്നു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. ആക്രമണത്തിന് ശേഷം ഇസ്രായിലി യുദ്ധവിമാനങ്ങള്‍ മേഖലയില്‍ പറക്കുന്നത് കണ്ടതായി എ.എഫ്.പി റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞു. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന്റെ വടക്കുപടിഞ്ഞാറായി അല്‍അമല്‍ അയല്‍പക്കത്തുള്ള അല്‍സഖ്സൂഖ് ജംഗ്ഷന് സമീപം അര്‍ധരാത്രിയില്‍ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ എ.എഫ്.പിയോട് പറഞ്ഞു.
2023 ഒക്ടോബര്‍ 7 ന് ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ യുദ്ധത്തിന് ശേഷം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രായിലും ഹമാസും പരസ്പരം നിരന്തരം ആരോപിക്കുന്നു. വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം 770 ലേറെ ലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ അധികാരത്തിന് കീഴിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അവരുടെ കണക്കുകള്‍ ഐക്യരാഷ്ട്രസഭ വിശ്വസനീയമായി കരുതുന്നു. വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം ഗാസയില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



