ജിദ്ദ – ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയില്‍ ടൂറിസം മേഖലയില്‍ പത്തു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ്. ടൂറിസം മേഖലയില്‍ ശക്തമായ പ്രകടനത്തോടെയാണ് ഈ കൊല്ലം സൗദി അറേബ്യ ആരംഭിച്ചത്. ഇറാന്‍ യുദ്ധം ടൂറിസം മേഖലയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ തരണം ചെയ്യാന്‍ മികച്ച ഉംറ, ഹജ് സീസണുകള്‍ സഹായിച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ടൂറിസം വളര്‍ച്ചയുടെ വേഗത ത്വരിതപ്പെടുമെന്ന് ഇറ്റലിയിലെ റോമില്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് സംഘടിപ്പിച്ച പ്രയോറിറ്റി ഉച്ചകോടിയില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു.
ഞങ്ങള്‍ക്ക് വളരെ ശക്തമായ ഒരു ആഭ്യന്തര ടൂറിസം മേഖലയുണ്ട്. നിരവധി ടൂറിസം വിഭവങ്ങളും വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങളുമുണ്ട്. ഞങ്ങള്‍ നിരവധി പുതിയ ലക്ഷ്യസ്ഥാനങ്ങളും ടൂറിസം ആസ്തികളും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വളരെ വേഗത്തിലുള്ള വളര്‍ച്ചക്ക് സൗദി അറേബ്യ സാക്ഷ്യം വഹിക്കും. ഈദ് അല്‍ഫിത്ര്‍, ഈദ് അല്‍അദ്ഹ അവധിക്കാലത്ത് റെഡ് സീ റിസോര്‍ട്ടുകള്‍ പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടു. ഈ കൊല്ലം ആഭ്യന്തര ടൂറിസം പ്രകടനം മുന്‍ വര്‍ഷത്തേക്കാള്‍ മികച്ചതാണ്. ദിരിയ പോലുള്ള നിരവധി പുതിയ പദ്ധതികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. റെഡ് സീ ഗ്ലോബല്‍ ഈ വര്‍ഷം 11 റിസോര്‍ട്ടുകള്‍ തുറക്കുമെന്നും ടൂറിസം മന്ത്രി വ്യക്തമാക്കി.



