ജറൂസലം – വിശുദ്ധ റമദാന്‍ മാസത്തില്‍ അല്‍അഖ്സ മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിലെ പങ്കാളിത്തം കര്‍ശനമായി നിയന്ത്രിക്കാന്‍ ഇസ്രായില്‍ തീരുമാനിച്ചു. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള 10,000 ഫലസ്തീനികളെ മാത്രമേ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ അല്‍അഖ്‌സയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. ഇതിന് ഓരോരുത്തരും ഇസ്രായില്‍ സുരക്ഷാ വകുപ്പുകളില്‍ നിന്ന് മുന്‍കൂര്‍ സുരക്ഷാ അനുമതി നേടണമെന്നും വ്യവസ്ഥയുണ്ട്. സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അല്‍അഖ്‌സയിലേക്കുള്ള വിശ്വാസികളുടെ പ്രവേശനത്തിനുള്ള പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചതെന്ന് ഫലസ്തീന്‍ ടെറിട്ടറികളിലെ ഗവണ്‍മെന്റ് ആക്ടിവിറ്റീസ് കോര്‍ഡിനേറ്റര്‍ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. റമദാന്‍ മാസം മുഴുവന്‍ ഓരോ വെള്ളിയാഴ്ചയിലും ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പ്രത്യേകം പെര്‍മിറ്റുകള്‍ അനുവദിക്കും.
55 വയസ്സിന് മുകളിലുള്ള പുരുഷന്മാര്‍, 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍, 12 വയസ്സ് വരെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് ഒരു ഫസ്റ്റ് ഡിഗ്രി ബന്ധുവിനൊപ്പം പ്രവേശനം അനുവദിക്കും. എല്ലാ പെര്‍മിറ്റുകളും മുന്‍കൂര്‍ സുരക്ഷാ അനുമതിയെ ആശ്രയിച്ചിരിക്കും. ജുമുഅ ദിനത്തിന്റെ അവസാനം വെസ്റ്റ് ബാങ്കിലേക്കുള്ള മടക്കം സ്ഥിരീകരിക്കുന്നതിന് ചെക്ക്പോസ്റ്റുകളില്‍ വിശ്വാസികള്‍ ഡിജിറ്റല്‍ പരിശോധനക്ക് വിധേയരാകേണ്ടിവരുമെന്നും പ്രസ്താവന സൂചിപ്പിച്ചു.
വെള്ളിയാഴ്ചകളില്‍ അല്‍അഖ്സ പള്ളിയില്‍ എല്ലാ മുറ്റങ്ങളിലും പ്രാര്‍ഥനാ സ്ഥലങ്ങളിലുമായി 3,50,000 മുതല്‍ 4,00,000 വരെ പേര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയും. മുന്‍ വര്‍ഷങ്ങളില്‍, ഈ കര്‍ശന നിയന്ത്രണങ്ങളില്ലാതെ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഫലസ്തീനികള്‍ അല്‍അഖ്‌സ മസ്ജിദില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്തിരുന്നു. എല്ലാ റമദാനിലും കിഴക്കന്‍ ജറൂസലമിലും പരിസരങ്ങളിലും ഇസ്രായില്‍ വിപുലമായ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്താറുണ്ട്. അല്‍അഖ്സ പള്ളിയിലേക്കുള്ള ഫലസ്തീനികളുടെ പ്രവേശനം നിയന്ത്രിക്കാറുമുണ്ട്. നഗരത്തിന്റെ ഐഡന്റിറ്റി മാറ്റാനായി ഇത്തരം നടപടികള്‍ ഓരോ വര്‍ഷം കഴിയുംതോറും ഇസ്രായില്‍ കൂടുതല്‍ ശക്തമാക്കുകയാണെന്ന് ഫലസ്തീനികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
അന്താരാഷ്ട്ര നിയമത്തെ അടിസ്ഥാനമാക്കി കിഴക്കന്‍ ജറൂസലമിനെ തങ്ങളുടെ ഭാവി രാജ്യത്തിന്റെ തലസ്ഥാനമായി ഫലസ്തീനികള്‍ അവകാശപ്പെടുന്നു. 1967 ല്‍ ഇസ്രായില്‍ ജറൂസലം നഗരം പിടിച്ചടക്കിയതിനെയും 1980 ല്‍ നഗരത്തെ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ത്തതിനെയും അന്താരാഷ്ട്ര നിയമം അംഗീകരിക്കുന്നില്ല.



