ഗാസ – ഗാസ മുനമ്പില്‍ വന്‍തോതിലുള്ള പൊളിക്കല്‍ പ്രവര്‍ത്തനത്തിനിടെ മസ്ജിദ് മിനാരം ഇസ്രായിലി ബുള്‍ഡോസറിനു മേല്‍ പതിച്ച് ഇസ്രായില്‍ സൈന്യത്തിന്റെ കോണ്‍ട്രാക്ടറായി ജോലി ചെയ്തിരുന്ന ബുള്‍ഡോസര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ സൈന്യത്തിനായി പ്രവര്‍ത്തിക്കുന്ന സിവിലിയന്‍ കോണ്ട്രാക്ടര്മാരുടെ സംഘത്തിന്റെ ഭാഗമായി പൊളിക്കല്‍ ജോലികളില്‍ പങ്കെടുക്കുകയായിരുന്ന ഡ്രൈവറാണ് മരിച്ചത്. മിനാരത്തിന്റെ ഒരു ഭാഗം പെട്ടെന്ന് ബുള്‍ഡോസറില്‍ തകര്‍ന്നുവീണ് ഡ്രൈവര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയായിരുന്നു.
ഹമാസിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാനും മറ്റ് സുരക്ഷാ ആവശ്യങ്ങള്‍ക്കും മസ്ജിദുകളും വീടുകളും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആസൂത്രിതമായി നശിപ്പിക്കുന്നത് ഉള്‍പ്പെടെ ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംഭവം.
2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുശേഷം, ഗാസ മുനമ്പില്‍ വ്യാപകമായ പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഇസ്രായില്‍ നടത്തി. പള്ളികള്‍, സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവയുള്‍പ്പെടെ പതിനായിരക്കണക്കിന് പൊതു കെട്ടിടങ്ങളും ഭവന യൂണിറ്റുകളും ഇസ്രായില്‍ തകര്‍ത്തു. ആധുനിക കാലത്ത് മേഖല കണ്ട ഏറ്റവും വലിയ തകര്‍ക്കല്‍ പ്രവര്‍ത്തനങ്ങളാണിതെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജോലികളിലെ അന്തര്‍ലീനമായ അപകടങ്ങളും അപ്രതീക്ഷിത തീപിടുത്തങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും ഉള്ള സാധ്യതയും കണക്കിലെടുക്കുത്ത് പല സന്ദര്‍ഭങ്ങളിലും ക്ലിയറിംഗ്, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ബുള്‍ഡോസറുകളും ഹെവി ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ ഇസ്രായില്‍ സൈന്യം ഇസ്രായിലിനുള്ളില്‍ നിന്നുള്ള സിവിലിയന്‍ കോണ്‍ട്രാക്ടര്‍മാരെയാണ് നിയമിക്കുന്നത്.
സ്ഫോടനങ്ങള്‍, തകര്ച്ചകള്, സൗഹൃദ വെടിവെപ്പ് എന്നിവ കാരണം മറ്റ് കോണ്‍ട്രാക്ടര്‍മാര്‍ കൊല്ലപ്പെട്ട സമാനമായ സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളതുപോലെ, സുരക്ഷാ കാരണങ്ങളാല്‍, പുതിയ സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങളെ കുറിച്ചോ ഇരയുടെ പേരുവിവരങ്ങളോ വ്യക്തമാക്കി ഇസ്രായില്‍ സൈന്യം ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.



