തെഹ്‌റാന്‍ – തെക്കന്‍ ഇറാനില്‍ സൈനിക ആക്രമണം നടത്തിയും ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ എണ്ണ ടാങ്കറും മറ്റൊരു കപ്പലും ലക്ഷ്യമിട്ട് ആക്രമണം നടത്തിയും അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇറാന്‍ ആരോപിച്ചു. അമേരിക്ക വെടിനിര്‍ത്തല്‍ ലംഘിച്ചു. ഹോര്‍മുസ് കടലിടുക്കിലേക്ക് പോവുകയായിരുന്ന ഇറാന്‍ എണ്ണ ടാങ്കറിനെയും കടലിടുക്കിലേക്ക് പ്രവേശിക്കുകയായിരുന്ന മറ്റൊരു കപ്പലിനെയും ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഖമിര്‍, സിരിക്, ഖെഷം ദ്വീപ് തീരങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് തിരിച്ചടിയായി, നമ്മുടെ സൈന്യം ഹോര്‍മുസ് കടലിടുക്കിന് കിഴക്കും ചബഹാര്‍ തുറമുഖത്തിന് തെക്കും യു.എസ് യുദ്ധക്കപ്പലുകള്‍ ആക്രമിച്ചു. ഏത് ആക്രമണത്തിനും ഒട്ടും ശങ്കിച്ചുനില്‍ക്കാതെ തിരിച്ചടി നല്‍കുമെന്ന് റെവല്യൂഷണറി ഗാര്‍ഡ് വക്താവ് വ്യക്തമാക്കി. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്കു നേരെ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിച്ചതായി റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.
എണ്ണ ടാങ്കറിനു നേരെ യു.എസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ സൈന്യം മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ടാങ്കറിനു നേരെ യു.എസ് സൈന്യം നടത്തിയ ആക്രമണത്തിന് ശേഷം, ഹോര്‍മുസ് കടലിടുക്കിലെ ശത്രു യൂണിറ്റുകള്‍ ലക്ഷ്യംവെച്ച് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. നാശനഷ്ടങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് പ്രദേശത്തു നിന്ന് രക്ഷപ്പെടാന്‍ യു.എസ് കപ്പലുകള്‍ നിര്‍ബന്ധിതമായി എന്ന് സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.



