ബഗ്ദാദ് – ഇറാനും യു.എസും ഇസ്രായിലും തമ്മിലുള്ള സംഘര്‍ഷം ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയും ബാഗ്ദാദിലെ യു.എസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണമുണ്ടാവുകയും ചെയ്തതോടെ ഇറാഖിലെ അമേരിക്കന്‍ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് ബഗ്ദാദ് യു.എസ് എംബസി ആവശ്യപ്പെട്ടു. നിലവില്‍ ഇറാഖിലുള്ള അമേരിക്കക്കാര്‍ എത്രയും വേഗം സ്ഥലം വിടണമെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ എംബസി അറിയിച്ചു. ഇറാഖില്‍ തുടരാന്‍ തീരുമാനിക്കുന്നവര്‍, കൂടുതല്‍ കാലം സുരക്ഷിതമായ സ്ഥലങ്ങളില്‍ കഴിയണം. ഭക്ഷണം, വെള്ളം, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ സംഭരിക്കണമെന്നും എംബസി ഇവരോട് ആവശ്യപ്പെട്ടു.
ഇറാനും സഖ്യകക്ഷികളായ ഇറാഖിലെ സായുധ ഗ്രൂപ്പുകളും പൊതു സുരക്ഷക്ക് കാര്യമായ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ഇറാഖിലെ അമേരിക്കക്കാര്‍ക്കും യു.എസ് താല്‍പ്പര്യങ്ങള്‍ക്കും എതിരെ ആക്രമണങ്ങള്‍ക്ക് ഈ വിഭാഗങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയില്‍ വിദേശികള്‍ പതിവായി സന്ദര്‍ശിക്കുന്ന ഹോട്ടലുകളും മറ്റ് സൗകര്യങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായി. ഇറാഖിലുടനീളമുള്ള നിര്‍ണായക അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ഒത്തുകൂടുന്നതും ഗ്രൂപ്പുകളായി കൂട്ടംചേരുന്നതും അമേരിക്കന്‍ പൗരന്മാരെ അപകടത്തിലാക്കുമെന്ന് യു.എസ് എംബസി മുന്നറിയിപ്പ് നല്‍കി. വഷളായിക്കൊണ്ടിരിക്കുന്ന പ്രാദേശിക സുരക്ഷാ സാഹചര്യം കാരണം ഇറാഖിലെ തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാന്‍ ഫ്രഞ്ച് വിദേശ മന്ത്രാലയവും നിര്‍ദേശിച്ചു.



