ജിദ്ദ – രണ്ടു ഡസന്‍ ഇന്ത്യന്‍ ജീവനക്കാരുള്ള എണ്ണ ടാങ്കറിനു നേരെ ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് ആക്രമണം നടത്തിയത് തങ്ങളാണെന്ന് യു.എസ് സൈന്യം അറിയിച്ചു. ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ച് പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് ഒഴിഞ്ഞ എണ്ണ ടാങ്കര്‍ തങ്ങളുടെ സൈന്യം തടഞ്ഞത്. ഇറാനിലേക്കുള്ള യാത്രാമധ്യേ ഒമാന്‍ ഉള്‍ക്കടലിലെ അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് പലാവു പതാക വഹിച്ച മാരിഫിക്‌സ് എന്ന കപ്പല്‍ ലക്ഷ്യം വെച്ച് ആക്രമിച്ചതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. യു.എസ് സേനയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജീവനക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണില്‍ നിന്നുള്ള എഫ്/എ-18 സൂപ്പര്‍ ഹോര്‍ണറ്റ് ഇനത്തില്‍ പെട്ട യുദ്ധവിമാനം കപ്പലിന്റെ എന്‍ജിനീയറിംഗ്, കണ്‍ട്രോള്‍ റൂമുകളില്‍ കൃത്യതയാര്‍ന്ന ആക്രമണം നടത്തി. മാരിഫിക്‌സ് ഇനി ഇറാനിലേക്ക് പോകില്ലെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
ടാങ്കറില്‍ 24 ഇന്ത്യന്‍ ക്രൂ അംഗങ്ങളുണ്ടായിരുന്നുവെന്നും തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യന്‍ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി വിദേശ മന്ത്രാലയം, വിദേശങ്ങളിലെ ഇന്ത്യന്‍ എംബസികള്‍, ഇന്ത്യന്‍ നാവികസേന, പ്രതിരോധ മന്ത്രാലയം എന്നിവയുമായി തങ്ങള്‍ ഏകോപനം നടത്തുന്നതായി മന്ത്രാലയ ഡയറക്ടര്‍ ഉപേഷ് കുമാര്‍ ശര്‍മ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു. കപ്പല്‍ മഡഗാസ്‌കറിന്റെ പതാകയാണ് വഹിക്കുന്നതെന്ന് ഉപേഷ് കുമാര്‍ ശര്‍മ്മ നേരത്തെ പറഞ്ഞിരുന്നു
.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഷിപ്പിംഗിന് ഇറാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഏപ്രിലില്‍ ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരെ യു.എസ് ഉപരോധം ആരംഭിച്ചു. ഇറാനില്‍ നിന്ന് വരുന്നതോ ഇറാനിലേക്ക് പോകുന്നതോ ആയ കപ്പലുകള്‍ക്കാണ് ഈ നിയന്ത്രണങ്ങള്‍ ബാധകമാക്കുന്നതെന്നും ഇറാന്‍ ഇതര ലക്ഷ്യസ്ഥാനങ്ങളിലേക്ക് കടന്നുപോകുന്നവക്കല്ലെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.
യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസ് നേരത്തെ മാരിഫാക്സിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെന്ന് അഭിജ്ഞ ഇന്ത്യന്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് അറിയിച്ചു. ഇറാന്റെ സമാന്തര ബാങ്കിംഗ് സംവിധാനം, കള്ളപ്പണം വെളുപ്പിക്കല്‍, ഉപരോധം മറികടക്കല്‍ ശൃംഖലകള്‍ എന്നിവ ലക്ഷ്യമിട്ടുള്ള പരമാവധി സമ്മര്‍ദ്ദ സാമ്പത്തിക പ്രചാരണത്തിന്റെ ഭാഗമായി ഇറാനുമായി ബന്ധപ്പെട്ട ഏകദേശം 1,000 വ്യക്തികള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവക്ക് അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.എസ് നാവികസേനയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ക്ക് ശേഷം കപ്പല്‍ മൂന്ന് തവണ പിന്‍വാങ്ങി. ഒമാന്റെ പ്രദേശിക ജലാശയങ്ങള്‍ ഉപയോഗിച്ച് ഉപരോധം മറികടക്കാന്‍ കപ്പല്‍ വീണ്ടും ശ്രമിക്കുകയായിരുന്നെന്നും ഇന്ത്യന്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
നാവികരെ രക്ഷപ്പെടുത്താനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമായി ഇന്ത്യ ഒമാന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി എക്സിലെ പോസ്റ്റില്‍ പറഞ്ഞു. ഒമാന്‍ അധികൃതരുടെ സഹായത്തോടെ എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് വ്യക്തമാക്കി.



