അങ്കാറ– ഇറാനുമായി നിലനിന്നിരുന്ന താൽക്കാലിക സമാധാന ധാരണാപത്രം അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനി ടെഹ്റാനുമായി യാതൊരുവിധ ചർച്ചകൾക്കും താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നെ സംബന്ധിച്ചിടത്തോളം ആ കരാർ അവസാനിച്ചു കഴിഞ്ഞു. ഇനി അവരുമായി ഒരു ഇടപാടിനുമില്ല. അവർ സമാധാനകാംക്ഷികളല്ല. അവരെ നയിക്കുന്നത് മോശം ചിന്താഗതിക്കാരായ ആളുകളാണ്. അവരുമായി സമയം കളയുന്നത് വെറും പാഴാണെന്നാണ് ഞാൻ കരുതുന്നതെന്ന് നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റുട്ടെയെ സാക്ഷിനിർത്തി ട്രംപ് ആഞ്ഞടിച്ചു.
മേഖലയിൽ സ്ഥിരമായ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്കായി പാകിസ്താന്റെ മധ്യസ്ഥതയിൽ വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറിലാണ് ഒപ്പുവെച്ചിരുന്നത്. എന്നാൽ ഖത്തറിൽ നടന്ന പരോക്ഷ ചർച്ചകൾ യാതൊരു പുരോഗതിയുമില്ലാതെ അവസാനിക്കുകയാണുണ്ടായത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ യു.എസ് ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടിരുന്നു.
ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് മറുപടിയായി ഇറാന് എണ്ണ വിൽക്കാൻ അനുമതി നൽകിയിരുന്ന പ്രത്യേക ലൈസൻസ് ചൊവ്വാഴ്ച യു.എസ് റദ്ദാക്കിയിരുന്നു. താൽക്കാലിക കരാർ പ്രകാരം ഓഗസ്റ്റ് 21 വരെ ഇറാന് ക്രൂഡ് ഓയിലും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളും വിൽക്കാൻ യു.എസ് ട്രഷറി അനുമതി നൽകിയിരുന്നതാണ് ഇപ്പോൾ ട്രംപ് റദ്ദാക്കിയത്. എണ്ണ ഇടപാടുകൾ പൂർണ്ണമായും അവസാനിപ്പിക്കാൻ ജൂലൈ 17 വരെയാണ് യു.എസ് ഇറാന് സമയം അനുവദിച്ചിരിക്കുന്നത്. യു.എസിന്റെ കടുത്ത നിലപാടുകളോടെ പശ്ചിമേഷ്യയിലെ വെടിനിർത്തൽ കരാർ പൂർണ്ണമായും തകരുകയും മേഖല വീണ്ടും കടുത്ത യുദ്ധപ്രതിസന്ധിയിലേക്ക് നീങ്ങുകയുമാണ്.



