തെല്‍അവീവ് – ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ഏതൊരാളെയും വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പ്രസ്താവിച്ചു. ഇറാനെതിരായ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ, അലി ഖാംനഇയുടെ പിന്‍ഗാമിയായി പരമോന്നത നേതാവായി ഇറാന്‍ തെരഞ്ഞെടുക്കുന്ന ഏതൊരാളും കൊല്ലപ്പെടാനുള്ള ലക്ഷ്യമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഇസ്രായിലിനെ നശിപ്പിക്കാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും മേഖലാ രാജ്യങ്ങളെയും ഭീഷണിപ്പെടുത്താനും, ഇറാന്‍ ജനതയെ അടിച്ചമര്‍ത്താനുമുള്ള പദ്ധതി തുടരാനും നയിക്കാനും ഇറാന്‍ ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും വധിക്കപ്പെടാനുള്ള ലക്ഷ്യമായിരിക്കുമെന്ന് എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടില്‍ കാറ്റ്സ് വ്യക്തമാക്കി.
ഇറാന്‍ ആരെ തിരഞ്ഞെടുക്കുന്നു എന്നതോ അവര്‍ എവിടെ ഒളിച്ചിരിക്കുന്നു എന്നതോ പ്രശ്‌നമല്ല. ഓപ്പറേഷന്‍ ലയണ്‍സ് റോറിന്റെ ലക്ഷ്യങ്ങളുടെ അവിഭാജ്യ ഘടകമായി ഈ ദൗത്യം നടപ്പാക്കാന്‍ എല്ലാ വിധത്തിലും തയ്യാറെടുക്കാനും പ്രവര്‍ത്തിക്കാനും താനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇസ്രായില്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണകൂടത്തിന്റെ കഴിവുകള്‍ തകര്‍ക്കാനും, ഇറാന്‍ ജനതക്ക് സര്‍ക്കാരിനെ അട്ടിമറിക്കാനും മാറ്റിസ്ഥാപിക്കാനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും ഞങ്ങളുടെ അമേരിക്കന്‍ പങ്കാളികളുമായി ചേര്‍ന്ന് ഞങ്ങള്‍ പൂര്‍ണ്ണ ശക്തിയോടെ പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന ഇറാന്റെ വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട കെട്ടിടം ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായില്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു.



