തെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. മേഖലയുടെ സുരക്ഷയിൽ പുറത്തുനിന്നുള്ള ശക്തികളുടെ ഇടപെടൽ അനുവദിക്കില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ ഇറാനിയൻ സായുധ സേനയിൽ നിന്ന് ഉടനടി തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ വിദേശകാര്യ സഹമന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി. ബ്രിട്ടനും ഫ്രാൻസും മേഖലയിലേക്ക് യുദ്ധക്കപ്പലുകൾ അയക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം. ഫ്രഞ്ച് വിമാനവാഹിനിക്കപ്പലായ ‘ചാൾസ് ഡി ഗല്ലെ’ റെഡ് സീയിലേക്കും ഏദൻ ഗൾഫിലേക്കും അയക്കുമെന്ന് പാരീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടനും തങ്ങളുടെ യുദ്ധക്കപ്പൽ അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സമാധാനകാലത്തായാലും യുദ്ധകാലത്തായാലും ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ മാത്രമാണ് പ്രാപ്തമെന്ന് ഗരീബാബാദി എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. കപ്പൽ ഗതാഗതം സംരക്ഷിക്കാനെന്ന പേരിൽ വിദേശ സൈന്യത്തെ വിന്യസിക്കുന്നത് നിലവിലെ പ്രതിസന്ധി വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് തന്ത്രപ്രധാനമായ ഒരു ജലപാതയാണ്. തീരദേശ രാജ്യമെന്ന നിലയിൽ ഇതിൻ്റെ പരമാധികാരം ഇറാനിലാണ്. ഇതിൻ്റെ നിയമപരമായ ക്രമീകരണങ്ങൾ തീരുമാനിക്കാനുള്ള അവകാശവും ഇറാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ അസ്ഥിരതയ്ക്ക് പിന്നിൽ അമേരിക്കയും ഇസ്രായിലുമാണെന്ന് ഗരീബാബാദി കുറ്റപ്പെടുത്തി.
യുഎസ്-ഇസ്രായിൽ അക്രമങ്ങൾക്ക് പിന്തുണ നൽകുന്നവരാണ് സമാധാനത്തിൻ്റെ പേരിൽ കപ്പലുകൾ അയക്കുന്നത്. സൈനിക ശക്തി പ്രകടിപ്പിക്കുന്നത് വഴി സമുദ്ര സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ സഹായികളായി ഫ്രഞ്ച്, ബ്രിട്ടീഷ് കപ്പലുകൾ എത്തിയാൽ ഇറാന്റെ പ്രതികരണം നിർണ്ണായകവും ഉടനടിയുള്ളതുമായിരിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.



