തെഹ്‌റാന്‍ – ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ യു.എസ് ഉപരോധം തുടരുകയും ഇറാന്‍ ഭീഷണികള്‍ കാരണം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സ്തംഭിക്കുകയും ചെയ്തതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയ ടോളുകളില്‍ നിന്ന് ഇറാന് ആദ്യ വരുമാനം ലഭിച്ചതായി മുതിര്‍ന്ന ഇറാന്‍ പാര്‍ലമെന്ററി നേതാവ് അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കില്‍ നിന്നുള്ള ആദ്യ വരുമാനം സെന്‍ട്രല്‍ ബാങ്കിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ഹമീദ് റിസ ഹാജി ബാബായി അറിയിച്ചതായി റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ബാബായി നല്‍കിയില്ല. മറ്റു ഇറാന്‍ ഏജന്‍സികളും സമാന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 30 ന് ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി ഹോര്‍മുസില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. എന്നാല്‍ ഈ നിര്‍ദേശം പാര്‍ലമെന്റില്‍ അന്തിമ വോട്ടെടുപ്പിന് വിധേയമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
അതേസമയം, ഏകദേശം 45 ദിവസം മുമ്പ് മാര്‍ച്ച് 4 ന് ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടല്‍ ആരംഭിച്ചതിനുശേഷം 187 കപ്പലുകളും എണ്ണ ടാങ്കറുകളും വിജയകരമായി കടന്നുപോയതായി സ്റ്റാര്‍ബോര്‍ഡ് ഇന്റലിജന്‍സും സി.എസ്.ഐ.എസ് സെന്ററും പ്രസിദ്ധീകരിച്ച ഷിപ്പിംഗ് ഡാറ്റ സൂചിപ്പിക്കുന്നു. ഇക്കാലയളവില്‍ പ്രതിദിനം ശരാശരി നാല് കപ്പലുകള്‍ വീതം മാത്രമാണ് ഹോര്‍മുസിലൂടെ കടന്നുപോയത്. വിജയകരമായി കടലിടുക്ക് കടന്ന കപ്പലുകളില്‍ 23 ശതമാനവും ചൈനയില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ പ്രഖ്യാപിച്ച ഏപ്രില്‍ 17 ന് 13 എണ്ണ ടാങ്കറുകള്‍ മാത്രമേ കടലിടുക്ക് വഴി കടന്നുപോയിട്ടുള്ളൂവെന്നും ഡാറ്റ കാണിക്കുന്നു. ഇറാന്‍ തുറമുഖങ്ങള്‍ക്കും കപ്പലുകള്‍ക്കും എതിരായ ഉപരോധം അമേരിക്ക തുടരുന്ന കാരണം പറഞ്ഞ് ഏപ്രില്‍ 18 ന് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു.
യുദ്ധത്തിനു മുമ്പ് പ്രതിദിനം 150 ലധികം കപ്പലുകളും എണ്ണ ടാങ്കറുകളും ഹോര്‍മുസിലൂടെ കടന്നുപോയിരുന്നു. ലോകത്തിലെ എണ്ണ, വാതക കയറ്റുമതിയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ സുപ്രധാന ജലപാതയില്‍ കപ്പലുകള്‍ക്ക് ടോള്‍ ചുമത്തുന്നത് അസ്വീകാര്യവും നിയമവിരുദ്ധവുമാണെന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഹോര്‍മുസിലെ സ്ഥിതി തിരിച്ചുവരില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ച് പ്രസ്താവിക്കുകയും ഹുര്‍മുസ് കടലിടുക്ക് കടക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ യു.എസ് ഉപരോധം നീക്കാതെ കടലിടുക്ക് തുറക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനില്‍ സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിക്കുകയും യു.എസ് ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ തുറമുഖങ്ങള്‍ക്കും കപ്പലുകള്‍ക്കുമെതിരെ അമേരിക്ക ഉപരോധം ആരംഭിച്ചത്.



