തെല്‍അവീവ്– ഇറാനിലെ ഏറ്റവും മുതിര്‍ന്ന സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ്. ഇറാനിലെ സുരക്ഷാ നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി കൊല്ലപ്പെട്ടത്. ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ ഇസ്രായിലിന്റെ ഓപ്പറേഷനുകളുടെ ഭാഗമാണിത്. ഇറാന്‍ ഭരണകൂടത്തിന്റെ ശിരസ്സിന് വീണ്ടും ഞങ്ങള്‍ അടിച്ചു. ഭരണം മാറ്റാനായി ഇറാന്‍ നേതാക്കളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ ഞങ്ങള്‍ തുടരും. മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും തന്ത്രപ്രധാന സ്ഥാപനങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇറാനെ തങ്ങള്‍ പതിറ്റാണ്ടുകള്‍ പിന്നോട്ട് നയിക്കുമെന്ന് യിസ്രായേല്‍ കാറ്റ്സ് പറഞ്ഞു.
ഇറാനിലെ ദേശീയ സുരക്ഷാ സുപ്രീം കമാന്‍ഡര്‍ സ്ഥാനം അലി ലാരിജാനി വഹിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് ഇറാന്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. അലി ലാരിജാനിക്കെതിരായ ആക്രമണം ഇസ്രായില്‍ സൈന്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, അലി ലാരിജാനിയുടെ സന്ദേശം മിനിറ്റുകള്‍ക്കുള്ളില്‍ പുറത്തുവിടുമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി മെഹര്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആറ് വര്‍ഷമായി ബാസിജ് ഫോഴ്‌സ് കമാന്‍ഡറായിരുന്ന ഗുലാം രിസ സുലൈമാനിയെ തെഹ്റാനില്‍ നടത്തിയ കൃത്യമായ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായില്‍ സൈന്യവും അറിയിച്ചു. മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റില്‍ നിന്നുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ നടത്തിയതെന്നും തലസ്ഥാനമായ തെഹ്‌റാനിലെ സ്ഥലം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും സൈന്യം വ്യക്തമാക്കി. സുരക്ഷാ കമാന്‍ഡ്, കണ്‍ട്രോള്‍ സംവിധാനങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. ഇറാന്‍ ഭരണകൂട നേതാക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.



