റിയാദ്: റിയാദിലെ പ്രമുഖ തമിഴ് പ്രവാസി കൂട്ടയ്മകളുടെ സഹകരണത്തോടെ മെഡിക്കല്‍ വേള്‍ഡ് പോളിക്ലിനിക് 2026 ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 3 വരെ മലസ് ജരീര്‍ സ്ട്രീറ്റിലുള്ള മെഡിക്കല്‍ വേള്‍ഡ് പോളിക്ലിനിക്കില്‍ സൗജന്യ മെഗാ കാര്‍ഡിയോവാസ്‌കുലാര്‍ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹൃദയസംബന്ധിയായ രോഗങ്ങളുടെ ലക്ഷണങ്ങള്‍ പ്രാരംഭ ഘട്ടങ്ങളില്‍ കണ്ടെത്തലും പ്രതിരോധവും എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. ബോഡി മാസ് ഇന്‍ഡക്‌സ്,രക്തസമ്മര്‍ദ്ദ പരിശോധന, റാന്‍ഡം ബ്ലഡ് ഷുഗര്‍,
ട്രിഗ്ലിസറൈഡ്‌സ്, കൊളസ്‌ട്രോള്‍, സീരം യൂറിക് ആസിഡ്, നേത്ര പരിശോധന,
പല്ല് പരിശോധന, ജനറല്‍ പ്രാക്ടീഷണര്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ക്യാമ്പില്‍ തികച്ചും സൗജന്യമായിരിക്കുമെന്നു മെഡിക്കല്‍ വേള്‍ഡ് പോളിക്ലിനിക് കോഡിനേറ്റര്‍ ഡോ. സന്തോഷ്‌പ്രേം വിന്‍ഫ്രഡ് പറഞ്ഞു.
നോണ്‍ റെസിഡന്‍ഷ്യല്‍ തമിഴ് ഇന്ത്യന്‍ അസോസിയേഷന്‍,റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍, ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം, സൗദി അറേബ്യ തമിഴ്‌നാട് സ്‌പോര്‍ട്‌സ് അസോസിയേഷന്‍, യൂണിവേഴ്‌സല്‍ തമിഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നി സംഘടനകള്‍ സംയുക്തമായാണ് ക്യാംപിനു നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 966552485960 ക്യാമ്പ് കോഡിനേറ്ററെ ബന്ധപ്പെടാം.
വാര്‍ത്താസമ്മേളനത്തില്‍ അയ്യപ്പടി ജക്രി ഹുസൈന്‍, ജനാര്‍ദനന്‍, അരുണ്‍ കുമാരന്‍, വിവേക് രാജേന്ദ്രന്‍, നൂര്‍ മുഹമ്മദ്, സാദിഖ് ബാഷ, ഷാഹുല്‍ ഹമീദ്,പ്രിന്‍സ് പാണ്ഡ്യന്‍, സയ്ദ് മരിക്കയാര്‍, വലീദ് അല്‍അഹ്മദ്, ഡോ ബാസിം അല്‍വാദ്, യാസര്‍ ആദില്‍, മുഹമ്മദ് അബ്ദുല്‍ ലത്തീഫ് ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group






