തെഹ്‌റാന്‍– ഇറാനില്‍ നിന്ന് 4,000 കിലോമീറ്റര്‍ ദൂരെയുള്ള ഡീഗോ ഗാര്‍ഷ്യ സൈനിക താവളത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തി അമേരിക്കയെയും ബ്രിട്ടനെയും ഞെട്ടിച്ച് ഇറാന്‍. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മധ്യത്തില്‍ 4,000 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന യു.എസ്-യു.കെ സംയുക്ത സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമിട്ട് ഇറാന്‍ രണ്ട് മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചത്. ഇറാന്‍ തങ്ങളുടെ മിസൈലുകള്‍ക്ക് 2,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ടെന്ന് വളരെക്കാലമായി പരസ്യമായി അവകാശപ്പെട്ടിരുന്നു. ഈ ആക്രമണം ഒറ്റരാത്രികൊണ്ട് മിസൈല്‍ ദൂരപരിധി ഇരട്ടിയാക്കി. ആക്രമണത്തിന് ഉപയോഗിച്ച ഖോറാംഷഹര്‍-4 മിസൈലിന് ക്ലസ്റ്റര്‍ വാര്‍ഹെഡുകള്‍ വഹിക്കാന്‍ കഴിവുണ്ട്. മൂന്നാഴ്ചക്കാലം ഇസ്രായില്‍ നഗരങ്ങളെ ഇറാന്‍ തകര്‍ത്തത് ക്ലസ്റ്റര്‍ വാര്‍ഹെഡുകള്‍ ഉപയോഗിച്ചാണ്.
ഡീഗോ ഗാര്‍സിയയിലെ യു.എസ്-ബ്രിട്ടീഷ് സൈനിക താവളത്തിലേക്ക് ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ അവ ലക്ഷ്യം കണ്ടില്ല. വിക്ഷേപണ സമയത്ത് ഒരു മിസൈല്‍ തകരാറിലായതായും മറ്റൊരു മിസൈല്‍ യു.എസ് യുദ്ധക്കപ്പലില്‍ നിന്നുള്ള എസ്.എം-3 ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതായും പത്രം കൂട്ടിച്ചേര്‍ത്തു.
ചാഗോസ് ദ്വീപുകളിലെ ഡീഗോ ഗാര്‍ഷ്യ താവളം, ഇറാനിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എസിനെ ഉപയോഗിക്കാന്‍ ബ്രിട്ടന്‍ അനുവദിച്ച രണ്ട് താവളങ്ങളില്‍ ഒന്നാണ്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടത്തിയ വ്യോമാക്രമണങ്ങള്‍ അടക്കം ഏഷ്യയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ താവളത്തില്‍ യു.എസ് സൈന്യം ബോംബര്‍ വിമാനങ്ങളും മറ്റ് ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ട്. 1960 മുതല്‍ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് തിരികെ നല്‍കാന്‍ ബ്രിട്ടന്‍ അടുത്തിടെ സമ്മതിച്ചിരുന്നു. അതേസമയം ഇവിടുത്തെ ഡീഗോ ഗാര്‍ഷ്യ സൈനിക താവളം പാട്ടത്തിനെടുക്കാനുള്ള അവകാശം ബ്രിട്ടന്‍ നിലനിര്‍ത്തി.
ഹുര്‍മുസ് കടലിടുക്കില്‍ കപ്പലുകളെ ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ നടത്തുന്ന ഇറാന്‍ മിസൈല്‍ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ബ്രിട്ടനിലെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ വെള്ളിയാഴ്ച ബ്രിട്ടീഷ് സര്‍ക്കാര്‍ അമേരിക്കക്ക് അനുമതി നല്‍കി. ഇറാന്‍ യുദ്ധത്തെ കുറിച്ചും ഇറാന്‍ ഹുര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതും ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. മേഖലയുടെ കൂട്ടായ പ്രതിരോധത്തില്‍ ബ്രിട്ടീഷ് താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന കരാറില്‍ ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങളും ഹുര്‍മുസ് കടലിടുക്കില്‍ കപ്പലുകളെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ശേഷികളും നശിപ്പിക്കാനുള്ള യു.എസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
ഇറാനുമായുള്ള യുദ്ധത്തിലേക്ക് ബ്രിട്ടന്‍ വലിച്ചിഴക്കപ്പെടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഈ ആഴ്ച അറിയിച്ചു. ഇറാനെതിരെ ആക്രമണം നടത്താന്‍ ബ്രിട്ടീഷ് താവളങ്ങള്‍ ഉപയോഗിക്കാനുള്ള യു.എസ് അപേക്ഷ അദ്ദേഹം കെയര്‍ സ്റ്റാര്‍മര്‍ നിരസിക്കുകയും ഏതൊരു സൈനിക നടപടിയുടെയും നിയമസാധുത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ മിഡില്‍ ഈസ്റ്റിലുടനീളം ബ്രിട്ടീഷ് സഖ്യകക്ഷികള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് സ്റ്റാര്‍മര്‍ തന്റെ നിലപാട് മാറ്റുകയായിരുന്നു. റോയല്‍ ബ്രിട്ടീഷ് എയര്‍ഫോഴ്‌സിനു കീഴിലെ ഫെയര്‍ഫോര്‍ഡ് വ്യോമതാവളവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ യു.എസ്-ബ്രിട്ടീഷ് സംയുക്ത താവളമായ ഡീഗോ ഗാര്‍ഷ്യയും ഉപയോഗിക്കാമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു.
സംഘര്‍ഷം ആരംഭിച്ചതിനുശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധത്തിന് അദ്ദേഹം വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്ന് പറഞ്ഞിരുന്നു.തന്നെ വളരെയധികം നിരാശപ്പെടുത്തിയ ചില രാജ്യങ്ങള്‍ ഉണ്ടെന്ന് തിങ്കളാഴ്ച ട്രംപ് പറയുകയും ബ്രിട്ടനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുകയും ചെയ്തു. ഒരുകാലത്ത് അമേരിക്കയുടെ ഏറ്റവും മികച്ച സഖ്യകക്ഷിയായിരുന്നു ബ്രിട്ടന്‍ എന്ന് ട്രംപ് വിശേഷിപ്പിച്ചു. അടിയന്തിരമായി സംഘര്‍ഷം ലഘൂകരിക്കണമെന്നും യുദ്ധത്തിന് വേഗത്തില്‍ പരിഹാരം കാണണമെന്നും ഡൗണിംഗ് സ്ട്രീറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എന്നാൽ ബ്രിട്ടനിലെ അഭിപ്രായ വോട്ടെടുപ്പുകള്‍ യുദ്ധത്തെ കുറിച്ച് വ്യാപകമായ സംശയം സൂചിപ്പിക്കുന്നു. യുഗോവ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 59 ശതമാനം പേരും യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളെ എതിര്‍ക്കുന്നതായി പറഞ്ഞു.



