തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് മുന്നില്‍ ആറ് കര്‍ശന നിബന്ധനകളുമായി ഇറാന്‍. സൈനിക നടപടികളും നാവിക-സാമ്പത്തിക ഉപരോധങ്ങളും പിന്‍വലിക്കുക, മേഖലയില്‍ നിന്ന് യു.എസ് സേനയെ പിന്‍വലിക്കുക, നഷ്ടപരിഹാരം നല്‍കുക, മരവിപ്പിച്ച ആസ്തികള്‍ കൈമാറുക എന്നിവയാണ് പ്രധാന ഉപാധികള്‍. അമേരിക്ക തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തുന്നതുവരെ കടലിടുക്ക് തുറക്കില്ലെന്ന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് ബാഖര്‍ സുല്‍ഖദര്‍ വ്യക്തമാക്കി.
യുദ്ധത്തിലായാലും ചര്‍ച്ചകളിലായാലും ഈ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക, ലെബനോന്‍, ഫലസ്തീന്‍, യെമന്‍, ഇറാഖ് എന്നിവിടങ്ങളിലെ സഖ്യകക്ഷികള്‍ക്കെതിരായ സൈനിക നടപടികള്‍ നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും ഇറാൻ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി നടത്തുന്ന ചര്‍ച്ചകളും അമേരിക്കയ്ക്കുള്ള ഉപാധികളും രണ്ട് കാര്യങ്ങളാണെന്ന് ഇറാന്‍ വ്യക്തമാക്കി. കടലിടുക്ക് കൈകാര്യം ചെയ്യാനും പുതിയ താല്‍ക്കാലിക കപ്പല്‍ പാത നിര്‍ണ്ണയിക്കാനുമുള്ള നിയമപരമായ സംവിധാനത്തില്‍ ഒമാനുമായുള്ള കരാര്‍ അന്തിമഘട്ടത്തിലാണെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി സ്ഥിരീകരിച്ചു. എന്നാല്‍ ഒമാനുമായുള്ള ഈ ധാരണ കൊണ്ടുമാത്രം ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്നും, അമേരിക്ക ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ അതിന് കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കില്‍ രണ്ടാമതൊരു പാത തുറക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറും പരമോന്നത നേതാവിന്റെ ഉപദേഷ്ടാവുമായ മുഹ്‌സിന്‍ റെസായി മുന്നറിയിപ്പ് നല്‍കി. ഉപരോധം തുടരുന്നത് അമേരിക്കന്‍ കപ്പലുകള്‍ക്കും സേനയ്ക്കും വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.







