ജിദ്ദ- അടുത്ത ഹജ്ജ് സീസണിൽ വിദേശങ്ങളിൽ നിന്നുള്ള തീർഥാടകർക്കായി ഹജ്ജ്, ഉംറ മന്ത്രാലയം സമഗ്ര പാക്കേജ് പ്രഖ്യാപിച്ചു. രാജ്യത്ത് എത്തുന്നതു മുതൽ സ്വദേശങ്ങളിലേക്ക് മടങ്ങുന്നതു വരെയുള്ള എല്ലാ അവശ്യ സേവനങ്ങളും ഏകോപിപ്പിച്ചുകൊണ്ടാണ് പുതിയ പാക്കേജ് നടപ്പിലാക്കുന്നത്. തീർഥാടകരുടെ യാത്രാനുഭവം മെച്ചപ്പെടുത്താനും താമസമുടനീളം തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാനും ഇത് സഹായിക്കും.
സമഗ്ര പാക്കേജിനായുള്ള കരാറുകൾ ഇ-ട്രാക്ക് പ്ലാറ്റ്ഫോം വഴി ഒറ്റ ആപ്ലിക്കേഷനിലൂടെ ഇലക്ട്രോണിക് രീതിയിൽ പൂർത്തിയാക്കാം. ഇത് നടപടിക്രമങ്ങൾ ലളിതമാക്കുകയും ഹജ് മിഷനുകൾ, വിദേശ ഏജൻസികൾ, സേവന ദാതാക്കൾ എന്നിവ തമ്മിലുള്ള സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുകയും ചെയ്യും.
പുണ്യസ്ഥലങ്ങളിലെ സേവനങ്ങൾ, മക്കയിലെയും മദീനയിലെയും താമസ സൗകര്യങ്ങൾ, ഗതാഗതം, ഭക്ഷണം എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന വിഭാഗങ്ങൾ.
വിവിധ തീർഥാടക ഗ്രൂപ്പുകളുടെ ആവശ്യാനുസരണം ഓപ്ഷണൽ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്യാൻ ഹജ് മിഷനുകളെയും വിദേശ ഏജൻസികളെയും ഈ പാക്കേജ് പ്രാപ്തമാക്കുന്നു.
അടുത്ത ഹജ് സീസണിനായുള്ള മുൻകൂട്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ സമഗ്ര പാക്കേജ് ആരംഭിക്കുന്നത്. സൗദി വിഷൻ 2030-ന്റെയും പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങൾക്കനുസൃതമായി തീർഥാടകർക്ക് മികച്ച പരിചരണവും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും ഉറപ്പാക്കുകയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







