വാഷിംഗ്ടൺ- സെപ്റ്റംബർ 14ന് ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെയുണ്ടായ ഇറാൻ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ എട്ട് യു.എസ് മറൈൻ സൈനികർക്ക് പരിക്കേറ്റതായി എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒരു ഓഫീസറും ഏഴ് സൈനികരുമാണ് ആക്രമണത്തിന് ഇരയായത്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഈ വിവരം പുറത്തുവരുന്നത്.
പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നും ജീവന് ഭീഷണിയില്ലെന്നും മൂന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമം വ്യക്തമാക്കി. പുക ശ്വസിച്ചതിനെ തുടർന്നുള്ള പ്രശ്‌നങ്ങളും, തലവേദന പോലുള്ള മസ്തിഷ്‌കാഘാത ലക്ഷണങ്ങളുമാണ് ഇവർക്ക് അനുഭവപ്പെട്ടത്. സൈനികരുടെ തലച്ചോറിന് നേരിയ പരിക്കേറ്റിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയ്ക്കു ശേഷം ഇവർ വൈകാതെ തന്നെ ഡ്യൂട്ടിയിലേക്ക് മടങ്ങിയിട്ടുണ്ട്.
മറൈൻ ബറ്റാലിയനു കീഴിലെ ആക്രമണ സംഘത്തിന്റെ ഭാഗമാണ് പരിക്കേറ്റവർ.
ആക്രമണം നടന്ന് ഏകദേശം പത്ത് ദിവസത്തിന് ശേഷമാണ് പരിക്കേറ്റവരുടെ വിവരങ്ങൾ പെന്റഗണിന്റെ ഡാറ്റാബേസിൽ ഉൾപ്പെടുത്തിയത്.
ഇറാൻ തുറമുഖങ്ങളിലേക്കുള്ള വാണിജ്യ കപ്പലുകളുടെ പ്രവേശനവും പുറപ്പെടലും തടയാൻ യു.എസ് നാവികസേന ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഭാഗത്തുനിന്നും കപ്പലുകൾ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, മേഖലയിലെ വാണിജ്യ ഷിപ്പിംഗ് ഗതാഗതം ക്രമേണ വർധിച്ചുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







