തെഹ്റാൻ- മിഡിൽ ഈസ്റ്റിൽ യുദ്ധം പുനരാരംഭിച്ചാൽ മേഖലയിലെ കടലിനടിയിലെ കേബിളുകളും ഡാറ്റാ സെന്ററുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യങ്ങളും ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റെസായിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
യുദ്ധം അവസാനിപ്പിക്കാനുള്ള നിർദ്ദേശങ്ങളോട് അമേരിക്ക സ്വീകരിച്ച സമീപകാല പ്രതികരണം തൃപ്തികരമല്ലെന്ന് ഇറാൻ വ്യക്തമാക്കുന്നു. ഏഴ് പ്രധാന വ്യവസ്ഥകളിൽ ചിലത് അമേരിക്ക അംഗീകരിച്ചിട്ടുണ്ടെങ്കിലും മറ്റുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. അമേരിക്കയുടെ ഭാഗത്തുനിന്ന് ഇനിയും ചില കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സൈനിക ആക്രമണങ്ങൾ പുനരാരംഭിക്കാനുള്ള സാധ്യതയെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനകളെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ കൂടിയാലോചനകൾ നടത്തി. ഇറാനെതിരെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന അതിശക്തമായ ആക്രമണം അടക്കമുള്ള പുതിയ സൈനിക നടപടികൾക്ക് പദ്ധതി തയ്യാറാക്കാൻ ട്രംപ് പെന്റഗണിനോട് ആവശ്യപ്പെട്ടതായി ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, ഇറാനെതിരായ സൈനിക നടപടികളിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇക്കാര്യത്തിൽ യു.എസ് സൈന്യവുമായി ഇസ്രായേൽ സൈന്യം ആശയവിനിമയം നടത്തിവരികയാണെന്നും ഇസ്രായേലിലെ ‘ചാനൽ 13’ റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







