തെഹ്‌റാന്‍ – വടക്കന്‍ ഇറാനിലെ കിയാഷര്‍ മേഖലയിലെ ദസ്തക് ഗ്രാമത്തിലുണ്ടായ വ്യോമാക്രമണത്തില്‍ ഇറാന്‍ ആണവ ശാസ്ത്രജ്ഞനായ മുഹമ്മദ് റിസ കിയയും ഭാര്യയും ഏതാനും റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചു. ആണവ ഭൗതികശാസ്ത്രത്തിലും ആറ്റോമിക് എന്‍ജിനീയറിംഗിലും വൈദഗ്ധ്യം നേടിയ ആണവ ശാസ്ത്രജ്ഞനായിരുന്നു മുഹമ്മദ് റിസ കിയ. ഏതാനും സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഇറാന്‍ ആണവ ഗവേഷണ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന പ്രധാന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും പങ്കാളിയായിരുന്നു. തെഹ്റാനിലെ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറായ അബ്ബാസ് കറമിയും അഹ്‌വാസിലെ ബാസിജ് കമാന്‍ഡറായ സഈദ് സന്‍ഗനെയും കൊല്ലപ്പെട്ടതായും ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ റെവല്യൂഷണറി ഗാര്‍ഡ് നാവിക ഇന്റലിജന്‍സ് മേധാവി ബെഹ്‌നാം റിസായിയും റെവല്യൂഷണറി ഗാര്‍ഡ് നാവിക കമാന്‍ഡര്‍ അലി റിസ തങ്സീരിയും കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചതിന് പിന്നാലെയാണ് ആണവ ശാസ്ത്രജ്ഞനും റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചത്.
യുദ്ധത്തിന്റെ ആദ്യ ദിവസമായ ഫെബ്രുവരി 28 ന് ഇസ്രായില്‍ ഡസന്‍ കണക്കിന് പ്രമുഖ രാഷ്ട്രീയ, സൈനിക നേതാക്കളെ കൊലപ്പെടുത്തിയിരുന്നു. ഫെബ്രുവരി 28 ന് നടന്ന ഇസ്രായിലി-അമേരിക്കന്‍ സംയുക്ത വ്യോമാക്രമണത്തില്‍ സുപ്രീം നേതാവ് അലി ഖാംനഇ, റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് പക്പൂര്‍, സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് അബ്ദുറഹീം മൂസവി എന്നിവര്‍ കൊല്ലപ്പെട്ടു.
ബാസിജ് കമാന്‍ഡര്‍ ഗുലാം റിസ സുലൈമാനി, ഇറാന്‍ പ്രതിരോധ മന്ത്രി അസീസ് നാസിര്‍സാദെ, അദ്ദേഹത്തിന്റെ പിന്‍ഗാമി എന്നിവരെ കൂടാതെ ഡസന്‍ കണക്കിന് മറ്റ് സൈനിക കമാന്‍ഡര്‍മാരെയും ഓഫീസര്‍മാരെയും ഇസ്രായില്‍ വധിച്ചു. പുതിയ സുപ്രീം നേതാവ് മുജ്തബ ഖാംനഇ, ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍, സൈന്യത്തിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അമീര്‍ ഹാതമി, പക്പൂര്‍ വധത്തിനുശേഷം നിയമിതനായ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ അഹ്ദ് വഹീദി, ഖാതം അല്‍അന്‍ബിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി അബ്ദുല്ലാഹി എന്നിവരെ വധിക്കുമെന്ന് ഇസ്രായില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.



