തെഹ്‌റാൻ: യു.എസും ഇസ്രായേലും വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് മേഖലയിലെ കടലിനടിയിലുള്ള ആശയവിനിമയ കേബിളുകൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി മുതിർന്ന ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു. ആശയവിനിമയത്തിലും ഇന്റർനെറ്റ് കണക്ഷനുകളിലുമുണ്ടാകുന്ന തടസ്സങ്ങൾ ദീർഘിപ്പിക്കാനായി കേബിളുകളുടെ അറ്റകുറ്റപ്പണികൾ വൈകിപ്പിക്കാനും ഇറാൻ ശ്രമിക്കുമെന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ വ്യക്തമാക്കി. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഏഴ് പ്രധാന ഇന്റർനെറ്റ് കേബിളുകൾ ലക്ഷ്യമിടുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് ഡെപ്യൂട്ടി ഹെഡ് ഓഫ് പൊളിറ്റിക്കൽ അഫയേഴ്‌സ് യദുല്ല ജവാനിയും മുന്നറിയിപ്പ് നൽകി.
ഇത്തരം ആക്രമണങ്ങൾ ഗൾഫിലുടനീളമുള്ള കണക്റ്റിവിറ്റിയെ സാരമായി ബാധിച്ചേക്കാമെങ്കിലും, ആഗോളതലത്തിൽ ഇതിന്റെ പ്രത്യാഘാതം പരിമിതമായിരിക്കുമെന്നാണ് വിശകലന വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ, ഹോർമുസ് കടലിടുക്കിലെ കേബിളുകൾ വിച്ഛേദിക്കപ്പെട്ടാൽ ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായ ഇന്റർനെറ്റ് തടസ്സങ്ങളും ഗുരുതരമായ കണക്റ്റിവിറ്റി പ്രശ്നങ്ങളും ഉണ്ടാകും. ബാങ്കുകൾ, ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ, ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ, മറ്റ് ബിസിനസുകൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടാൻ ഇത് കാരണമാകും. കൂടാതെ സർക്കാർ, സൈനിക, അടിയന്തര സേവനങ്ങളുടെ ആശയവിനിമയത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ഒന്നിലധികം കേബിളുകൾ ഒരേസമയം വിച്ഛേദിക്കപ്പെട്ടാൽ ഗൾഫിന്റെ ചില ഭാഗങ്ങൾ ആഗോള ഇന്റർനെറ്റ് ശൃംഖലയിൽ നിന്ന് ഒറ്റപ്പെടാനും വൻ ആശയവിനിമയ പ്രതിസന്ധിക്ക് വഴിവെക്കാനും സാധ്യതയുണ്ട്.
അതിനിടെ, വെള്ളിയാഴ്ച രാവിലെ ഹോർമുസ് കടലിടുക്കിലെ അനധികൃത തെക്കൻ പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച രണ്ട് സൂപ്പർ ടാങ്കറുകളിൽ മൈൻ സ്‌ഫോടനമുണ്ടായതായി ഇറാൻ റെവല്യൂഷണറി ഗാർഡ് നാവികസേന അറിയിച്ചു. സ്‌ഫോടനത്തെത്തുടർന്ന് തീപിടിത്തമുണ്ടാവുകയും എഞ്ചിൻ മുറികൾ പ്രവർത്തനരഹിതമായി കപ്പലുകൾ കുടുങ്ങിപ്പോവുകയും ചെയ്തു. രണ്ട് ടാങ്കറുകളിലുമായി ആകെ 45 ലക്ഷത്തിലധികം ബാരൽ അസംസ്‌കൃത എണ്ണയുണ്ടായിരുന്നു. അപകടത്തെ തുടർന്ന് ജീവനക്കാർ കപ്പലുകൾ ഉപേക്ഷിച്ചതായും ഇവ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ഒമാന് വടക്കുകിഴക്ക് ഏഴ് നോട്ടിക്കൽ മൈൽ അകലെ വെച്ച് എണ്ണ ടാങ്കറിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണമുണ്ടായതായി യുകെ മാരിറ്റൈം ട്രേഡ് ഓപ്പറേഷൻസ് സെന്ററും (UKMTO) സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്ക് വഴി പുറത്തേക്ക് കടക്കുന്നതിനിടെയാണ് സംഭവം. എങ്കിലും കപ്പലിന് കേടുപാടുകൾ തരണം ചെയ്ത് യാത്ര തുടരാൻ സാധിച്ചതായി UKMTO വ്യക്തമാക്കുന്നു.



