റിയാദ്: സൗദി അറേബ്യക്ക് നേരെ ഹൂതികള്‍ ഇടക്കിടെ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് സുരക്ഷ കാരണങ്ങളാല്‍ റിയാദിലേക്ക് നവംബര്‍ 30 വരെയും ജിദ്ദയിലേക്ക് നവംബര്‍ 10 വരെയും സര്‍വീസ് നിര്‍ത്തിവെച്ചെന്ന് ആകാശ എയര്‍ അറിയിച്ചു. നേരത്തെ ടിക്കറ്റെടുത്തവര്‍ക്ക് പണം പൂര്‍ണമായും തിരിച്ചുനല്‍കും. അപേക്ഷിച്ച് ഏഴ് ദിവസത്തിനകമാണ് പണം നല്‍കുക. അല്ലാത്തവര്‍ക്ക് റീ ഷെഡ്യൂള്‍ ചെയ്യാം. മറ്റു ഇന്ത്യന്‍ വിമാനകമ്പനികളും ഇതേ രീതി പിന്തുടരാനാണ് സാധ്യത.
ഇന്ത്യന്‍ വിമാനകമ്പനികള്‍ സൗദിയിലേക്ക് സുരക്ഷ കാരണങ്ങളാല്‍ സര്‍വീസ് നിര്‍ത്തിവെച്ചതാണ് നിലവില്‍ സൗദിയിലേക്കുള്ള യാത്രാ പ്രതിസന്ധിക്ക് കാരണം. എന്നാല്‍ സൗദി എയര്‍ലൈന്‍സ്, നാസ് എയര്‍, റിയാദ് എയര്‍, എയര്‍ അറേബ്യ, ഒമാന്‍ എയര്‍ എന്നിവ ഇപ്പോള്‍ ജിദ്ദ, അല്‍ഖസീം, മദീന, ദമാം വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. റിയാദില്‍ നിന്ന് ഇന്ത്യയിലേക്ക് നാസ് എയറില്‍ നവംബര്‍ 12 വരെ ബുക്ക് ചെയ്തവര്‍ക്ക് ദമാം, അല്‍ഖസീം എന്നിവിടങ്ങളിലേക്ക് റീ ഷെഡ്യൂള്‍ ചെയ്യാനും ആവശ്യമെങ്കില്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യാനും അവസരമുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇത് സംബന്ധിച്ച് മൊബൈലുകളില്‍ സന്ദേശം വരുന്നു. സൗദി എയര്‍ലൈന്‍സ് റിയാദില്‍ നിന്ന് അടുത്തടുത്ത ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കാന്‍സല്‍, റീ ഷെഡ്യൂള്‍ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഡൊമസ്റ്റിക് യാത്രക്കാര്‍ക്ക് ദമാമില്‍ നിന്നും അല്‍ഖസീമില്‍ നിന്നും റിയാദിലേക്ക് ഫ്രീ ബസ് സര്‍വീസും നല്കുന്നു.
അതേസമയം വിവിധ വിമാനകമ്പനികള്‍ സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ നിന്ന് സൗദിയിലേക്ക് അമ്പതിനായിരം രൂപക്ക് മുകളിലാണ് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത്. ദമാമില്‍ നിന്ന് കേരളത്തിലേക്ക് 1200 റിയാലിന് മുകളിലാണ് ടിക്കറ്റ്. സാധാരണ ദിവസങ്ങളില്‍ ഇത് 700 റിയാല്‍ വരെ ആണ് ഉണ്ടാവാറുള്ളത്.



