തെഹ്‌റാൻ: രാജ്യത്തിനെതിരായ യു.എസ് സാമ്പത്തിക ഉപരോധത്തോട് സഹകരിക്കുന്ന രാജ്യങ്ങൾക്ക് മുന്നിൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റെസായി. ആണവ നയം മാറ്റുന്നതും ഇറാൻ ആലോചിക്കുമെന്ന് സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ റെസായിയുടെ പറഞ്ഞു.
രാജ്യം ആക്രമിക്കപ്പെട്ടതിന് ശേഷവും അന്താരാഷ്ട്ര നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആണവ നിർവ്യാപന ഉടമ്പടി (എൻ.പി.ടി) പാലിക്കുകയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി (ഐ.എ.ഇ.എ) സഹകരിക്കുകയും ചെയ്തിട്ടും ഇറാൻ ആക്രമിക്കപ്പെട്ടു. അതിനാൽ എൻ.പി.ടിയോ ഐ.എ.ഇ.എ അംഗത്വമോ ഫലപ്രദമല്ല. യു.എസിന്റെ നയങ്ങളാണ് ലോക രാജ്യങ്ങളെ ആണവായുധങ്ങൾ സ്വന്തമാക്കാൻ പ്രേരിപ്പിക്കുന്നത്.
ആണവ നയത്തിൽ ഔദ്യോഗിക മാറ്റമോ ബോംബ് നിർമിക്കാനുള്ള അന്തിമ തീരുമാനമോ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നയരൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുന്ന സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവിയുടെ വാക്കുകൾ പാശ്ചാത്യ രാജ്യങ്ങളിൽ വലിയ ആശങ്കയുയർത്തിയിട്ടുണ്ട്. ഈ മാസം ചുമതലയേറ്റ റെസായിയുടെ വരവോടെ ഇറാന്റെ സൈനിക-രാഷ്ട്രീയ നിലപാടുകൾ കൂടുതൽ കർശനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.







