കോഴിക്കോട്- മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ജില്ല വരുമെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ പി.കെ നവാസ്. മൂവാറ്റുപുഴ ജില്ല എറണാകുളത്തിന് അനിവാര്യമാകുന്നുവോ, അത്രതന്നെ, കണക്കുകൾ പരിശോധിച്ചാൽ അതിനേക്കാൾ അനിവാര്യമാണ്, മലപ്പുറത്തും ഒരു പുതിയ ജില്ലയെന്ന് പി.കെ നവാസ് പറഞ്ഞു. 41.13 ലക്ഷം ജനസംഖ്യയും 3,550 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 1,157 പേർ/ചതുരശ്ര കിലോമീറ്റർ ജനസാന്ദ്രതയുള്ള മലപ്പുറത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം കണക്കുകളുടെ അടിസ്ഥാനത്തിലും പ്രസക്തമാണെന്ന് നവാസ് പറഞ്ഞു.
മൂവാറ്റുപുഴ ജില്ല കേരളത്തിന്റെ അനിവാര്യതയാണ്. ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ നൽകാനും ഭരണസൗകര്യം വർധിപ്പിക്കാനും തീർച്ചയായും ഒരു പുതിയ ജില്ല എന്നത് ഗുണകരവും വികസനത്തിന് സൗകര്യപ്രദവുമാണ്. 32 ലക്ഷം ജനസംഖ്യ, 3,068 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം, 1,072 പേർ/ചതുരശ്ര കിലോമീറ്റർ ജനസാന്ദ്രത എന്നിവയുള്ള എറണാകുളത്ത് ഒരു പുതിയ ജില്ല യാഥാർഥ്യമാകണം.
ആദ്യം ഏത് വേണമെന്നതിലല്ല കാര്യം. കണക്കുകളും ഭരണപരമായ ആവശ്യകതയും ഒരു പുതിയ ജില്ല അനിവാര്യമാക്കുന്നുവെങ്കിൽ, രണ്ട് ജില്ലകളും പിറക്കണം.
പത്ത് വർഷം അനീതി കാണിച്ച സർക്കാരിന് അന്ത്യം കുറിച്ചാണ് വി.ഡി.എസ്. സർക്കാർ അധികാരത്തിൽ വന്നത്. അതുകൊണ്ട് പുതിയ ഒരു ജില്ലയല്ല, ജില്ലകൾ പിറക്കുക എന്നതുതന്നെയാണ് ഈ സർക്കാരിന്റെ നീതി. മൂന്ന് മാസം കൊണ്ട് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ യു.ഡി.എഫ് സർക്കാരിന് ഈ ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയുമെന്നും നവാസ് പറഞ്ഞു.
എറണാകുളം ജില്ല വിഭജിച്ച് മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കുമെന്ന് ഇന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. മാത്യു കുഴൽനാടൻ എം.എൽ.എയുടെ ആവശ്യത്തിനാണ് മുഖ്യമന്ത്രി ഇങ്ങിനെ പറഞ്ഞത്.







