ജിദ്ദ – മൂന്നു മാസം നീണ്ട യുദ്ധം അവസാനിക്കാനിരിക്കെ യുദ്ധത്തില്‍ തങ്ങള്‍ വിജയം നേടിയതായി ഇറാന്‍ അവകാശപ്പെടുമ്പോഴും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അടക്കം ഉന്നത രാഷ്ട്രീയ, സൈനിക നേതാക്കള്‍ മുഴുവനും ഇറാനെതിരായ യു.എസ്-ഇസ്രായില്‍ യുദ്ധത്തിനിടയില്‍ കൊല്ലപ്പെട്ടത് ഇറാനെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു. ഇറാനെതിരായ യുദ്ധത്തിലൂടെ ഭരണമാറ്റം കൈവരിച്ചതായി മാര്‍ച്ച് മാസത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട നേതാക്കള്‍ക്കു പകരം പുതിയ നേതാക്കളെ വേഗത്തില്‍ അവരോധിക്കുന്നതിലും യു.എസിനും ഇസ്രായിലിനുമെതിരായ യുദ്ധം നിലനിര്‍ത്തുന്നതിലും ഇറാന്‍ പ്രതിരോധശേഷി കാണിച്ചു.
യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇറാനിലെ ഏറ്റവും പ്രധാന നേതാക്കള്‍:
- പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ
1989 മുതല്‍ ഇറാന്റെ ഒന്നാം നമ്പര്‍ നേതാവായ അലി ഖാംനഇ, ഫെബ്രുവരി 28 ന് തെഹ്റാനില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിനിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖാംനഇക്കു പുറമെ, അദ്ദേഹത്തിന്റെ മരുമകളും മകളും ഒരു പേരക്കുട്ടിയും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അലി ഖാംനഇയുടെ മകന്‍ മുജ്തബ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. പിതാവിന്റെ പിന്‍ഗാമിയായി മുജ്തബ പരമോന്നത നേതാവായി ചുമതലയേറ്റു. അധികാരമേറ്റ ശേഷം മുജ്തബ ഖാംനഇ ഇതുവരെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
അലി ഖാംനഇുടെ മയ്യിത്ത് ഇതുവരെ സംസ്‌കരിച്ചിട്ടില്ല. തെഹ്‌റാനിലും ഖും നഗരത്തിലും നടക്കുന്ന മൂന്നു ദിവസം നീളുന്ന സംസ്‌കാര ചടങ്ങുകള്‍ക്കും വിലാപയാത്രകള്‍ക്കും ശേഷം ഖബറടക്കല്‍ ചടങ്ങ് ജൂലൈ 9 ന് അദ്ദേഹത്തിന്റെ ജന്മനാടായ വടക്കുകിഴക്കന്‍ നഗരമായ മഷ്ഹദില്‍ നടക്കുമെന്ന് ശനിയാഴ്ച സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
- സുരക്ഷാ മേധാവി അലി ലാരിജാനി
പുരോഹിതനല്ലെങ്കിലും പതിറ്റാണ്ടുകളായി ഇറാനില്‍ ഭരണവ്യവസ്ഥയുടെ നെടുംതൂണായിരുന്ന അലി ലാരിജാനിയുടെ കൊലപാതകം, അലി ഖാംനഇയുടെ മരണശേഷം ഇറാന്‍ നേരിട്ട ഏറ്റവും വലിയ നഷ്ടമാണ്. മാര്‍ച്ച് 17 ന് തെഹ്റാന്‍ മേഖലയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ ലാരിജാനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് ലാരിജാനി തെഹ്റാനില്‍ സര്‍ക്കാര്‍ അനുകൂല റാലിയില്‍ പരസ്യമായി പങ്കെടുത്തിരുന്നു.
- റെവല്യൂഷണറി ഗാര്‍ഡ് മേധാവി മുഹമ്മദ് പക്പൂര്‍
റെവല്യൂഷണറി ഗാര്‍ഡ് കരസേനാ തലവനായിരുന്ന മുഹമ്മദ് പക്പൂര്‍, 2025 ജൂണില്‍ ഇറാനെതിരായ ഇസ്രായിലിന്റെ 12 ദിവസത്തെ യുദ്ധത്തില്‍ തന്റെ മുന്‍ഗാമിയായ ഹുസൈന്‍ സലാമി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2025 ജൂണില്‍ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി ചുമതലയേറ്റു. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ മുഹമ്മദ് പക്പൂര്‍ കൊല്ലപ്പെട്ടു. പകരം മുന്‍ ആഭ്യന്തര, പ്രതിരോധ മന്ത്രി അഹ്‌മദ് വഹീദി റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി സ്ഥാനമേറ്റു.
- റെവല്യൂഷണറി ഗാര്‍ഡ് നാവിക സേനാ മേധാവി അലി റെസ തങ്സീരി
1980-1988 ഇറാന്‍-ഇറാഖ് യുദ്ധത്തിലെ സൈനികനായിരുന്ന അലി റെസ തങ്സീരി, 2018 മുതല്‍ റെവല്യൂഷണറി ഗാര്‍ഡ് നാവിക സേനയുടെ തലവനായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനും ഇറാനിലെ ഏറ്റവും ഉയര്‍ന്ന നേതാക്കളില്‍ ഒരാളുമായിരുന്നു. ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാനും കപ്പല്‍ ഗതാഗതം തടയാനുമുള്ള പ്രവര്‍ത്തനത്തിന് നേരിട്ട് ഉത്തരവാദിയായ വ്യക്തി എന്നാണ് ഇസ്രായില്‍ പ്രതിരോധ മന്ത്രി അലി റെസ തങ്സീരിയെ വിശേഷിപ്പിച്ചത്
- ഉപദേഷ്ടാവ് അലി ഷംഖാനി
എണ്‍പതുകള്‍ മുതല്‍ ഇറാന്‍ സായുധ സേനയുടെ പ്രധാന ആശ്രയമായിരുന്ന അലി ഷംഖാനി, യുദ്ധത്തിന്റെ ആദ്യ ദിവസം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. തെഹ്റാനിലെ തജ്രീഷ് സ്‌ക്വയറില്‍ ഔദ്യോഗിക ചടങ്ങുകളോടെ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തി. ജൂണില്‍ ഇറാനെതിരായ ഇസ്രായില്‍ യുദ്ധത്തിനിടെ ആക്രമണത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അലി ഷംഖാനി കൊല്ലപ്പെട്ടതായി ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പക്ഷേ പിന്നീട് അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടു.
- ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ്
പുരോഹിതനായ ഇസ്മായില്‍ ഖത്തീബ് മാര്‍ച്ച് 18 ന് പുലര്‍ച്ചെ തെഹ്റാനില്‍ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 2021 മുതല്‍ ഇറാന്റെ ഇന്റലിജന്‍സ് മന്ത്രി എന്ന നിലയില്‍, സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ഇസ്മായില്‍ ഖത്തീബ് പ്രധാന പങ്ക് വഹിച്ചതായി മനുഷ്യാവകാശ ഗ്രൂപ്പുകള്‍ കുറ്റപ്പെടുത്തുന്നു.
- പ്രതിരോധ മന്ത്രി അസീസ് നാസര്‍സാദെ
എണ്‍പതുകളിലെ ഇറാന്‍-ഇറാഖ് യുദ്ധത്തിലെ സൈനികനായിരുന്ന അസീസ് നാസര്‍സാദെ
2024 മുതല്‍ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. യുദ്ധത്തിന്റെ ആദ്യ ദിവസമായ ഫെബ്രുവരി 28 ന് ഉണ്ടായ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു.
- ബാസിജ് കമാന്‍ഡര്‍ ഗുലാംറെസ സുലൈമാനി
റവല്യൂഷണറി ഗാര്‍ഡ് വിഭാഗവും, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ അവകാശ ഗ്രൂപ്പുകള്‍ക്കിടയില്‍ കുപ്രസിദ്ധവുമായ ബാസിജ് എന്ന അര്‍ധസൈനിക ഗ്രൂപ്പിന്റെ തലവനായിരുന്നു ഗുലാംറെസ സുലൈമാനി. മാര്‍ച്ച് 17 ന് നടന്ന വ്യോമാക്രമണത്തില്‍ ഗുലാംറെസ സുലൈമാനി കൊല്ലപ്പെട്ടു.
- റെവല്യൂഷണറി ഗാര്‍ഡ് വക്താവ് അലി മുഹമ്മദ് നൈനി
മാര്‍ച്ചില്‍ അമേരിക്കയും ഇസ്രായിലും നടത്തിയ ആക്രമണത്തില്‍ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. ഇറാന്റെ മിസൈല്‍ നിര്‍മ്മാണം മികച്ച സ്‌കോര്‍ അര്‍ഹിക്കുന്നുണ്ടെന്നും യുദ്ധത്തിനിടെയും മിസൈല്‍ നിര്‍മ്മാണം തുടരുകയാണെന്നും നൈനി പ്രസ്താവിച്ചതായി, അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുന്നതിന് തൊട്ടുമുമ്പ് ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
- സൈനിക ഓഫീസ് മേധാവി മുഹമ്മദ് ഷിറാസി
യുദ്ധത്തിന്റെ ആദ്യ ദിവസം കൊല്ലപ്പെട്ട മുഹമ്മദ് ഷിറാസി, പരമോന്നത നേതാവിന്റെ ഓഫീസില്‍ ഇറാന്‍ സുരക്ഷാ സേനയുടെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഏകോപനമുണ്ടാക്കുക എന്ന നിര്‍ണായക ജോലിയാണ് വഹിച്ചിരുന്നത്.
- സായുധ സേനാ മേധാവി അബ്ദുറഹീം മൂസവി
യുദ്ധത്തിന്റെ ആദ്യ ദിവസം കൊല്ലപ്പെട്ട അബ്ദുറഹീം മൂസവി, റെവല്യൂഷണി ഗാര്‍ഡിനും സാധാരണ സൈന്യത്തിനും ഇടയില്‍ ഏകോപനമുണ്ടാക്കുന്ന മുതിര്‍ന്ന സ്ഥാനമാണ് വഹിച്ചിരുന്നത്. 2025 ജൂണിലെ 12 ദിവസത്തെ യുദ്ധത്തില്‍ തന്റെ മുന്‍ഗാമിയായ മുഹമ്മദ് ബാഗേരി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2025 ജൂണില്‍ മാത്രമാണ് അബ്ദുറഹീം മൂസവി സ്ഥാനം ഏറ്റെടുത്തത്.



