ഏദൻ– യെമനിലെ ഹൂത്തികളുടെ സൈനിക നീക്കങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നത് ഇറാനിൽ നിന്നും ലെബനോനിലെ ഹിസ്ബുല്ലയിൽ നിന്നുമുള്ള വിദഗ്ധരാണെന്ന് യെമൻ ആഭ്യന്തര മന്ത്രി ഇബ്രാഹിം ഹൈദാൻ ആരോപിച്ചു. കേവലം പരിശീലനത്തിനും ആയുധ വിതരണത്തിനുമപ്പുറം, സൈനിക ഓപ്പറേഷനുകൾ ആസൂത്രണം ചെയ്യുന്നതിലും കമാൻഡിംഗിലും ഇവർ നേരിട്ട് ഇടപെടുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഇറാൻ റെവല്യൂഷണറി ഗാർഡിൽ നിന്നുള്ള 14 പേരും ഹിസ്ബുല്ലയിൽ നിന്നുള്ള 7 പേരും ഉൾപ്പെടെ 21 വിദഗ്ധരാണ് ഹൂത്തികളുമായി ചേർന്ന് പ്രവർത്തിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, സമുദ്ര ആക്രമണങ്ങൾ, ഇലക്ട്രോണിക് യുദ്ധമുറകൾ എന്നിവയിലാണ് ഇവരുടെ പ്രവർത്തനം. ഇതിന് പുറമെ നഗര കേന്ദ്രീകൃത യുദ്ധമുറകൾ, ഡ്രോൺ മുങ്ങിക്കപ്പലുകളുടെയും സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടുകളുടെയും വികസനം, മൈൻ സ്ഥാപിക്കൽ, ആയുധക്കടത്ത് ശൃംഖലകളുടെ മേൽനോട്ടം എന്നിവയിലും ഇവർ പങ്കാളികളാണ്. ഹുദൈദ (8), സൻആ (4), സഅ്ദ (4), ഹജ്ജ (2), അംറാൻ (2), അൽഖൗഖ (1) എന്നിവിടങ്ങളിലാണ് ഇവർ കേന്ദ്രീകരിച്ചിരിക്കുന്നത്.
റെവല്യൂഷണറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഈ സംഘത്തിന് നേതൃത്വം നൽകുന്നത്. മുമ്പ് നയതന്ത്ര പ്രതിനിധിയായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹമെന്നും എന്നാൽ പേര് വെളിപ്പെടുത്തുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വ്യാപാര പാതയായ ചെങ്കടലിലും ബാബ് അൽമന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകൾക്ക് ഭീഷണി ഉയർത്തുന്നത് ഇവരുടെ സാന്നിധ്യമാണ്.
തീരുമാനങ്ങൾ തെഹ്റാനിൽ തയ്യാറാക്കി സൻആയിൽ പ്രഖ്യാപിക്കുകയാണെന്നും വിദേശ ഇടപെടലിന്റെ കനത്ത വില നൽകേണ്ടി വരുന്നത് സാധാരണക്കാരായ യെമൻ ജനതയാണെന്നും ഇബ്രാഹിം ഹൈദാൻ ചൂണ്ടിക്കാട്ടി.



