ജിദ്ദ– കഴിഞ്ഞ വർഷം സൗദി അറേബ്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്.ഡി.ഐ) 33.5 ശതമാനം വളർച്ച രേഖപ്പെടുത്തി. 2025ൽ 159 ബില്യൺ സൗദി റിയാലിന്റെ വിദേശ നിക്ഷേപമാണ് രാജ്യത്തേക്ക് ഒഴുകിയെത്തിയത്. വിദേശ നിക്ഷേപകർക്ക് രാജ്യത്തോടുള്ള വർധിച്ചുവരുന്ന ആകർഷണീയതയും ‘സൗദി വിഷൻ 2030’ ലക്ഷ്യങ്ങളിലേക്കുള്ള തുടർച്ചയായ പുരോഗതിയുമാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.
2025 അവസാനത്തോടെ രാജ്യത്തെ ആകെ നേരിട്ടുള്ള വിദേശ നിക്ഷേപ ശേഖരം 8.3 ശതമാനം വർധിച്ച് 1,059 ബില്യൺ സൗദി റിയാലിലെത്തി. രാജ്യത്തെ വിദേശ നിക്ഷേപ ശേഖരം ആദ്യമായി ഒരു ട്രില്യൺ റിയാൽ കവിയുന്നത് സൗദി സമ്പദ്വ്യവസ്ഥയുടെ വികാസത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
2017ലെ നിലവാരത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തെ വിദേശ നിക്ഷേപ പ്രവാഹം അഞ്ചിരട്ടിയിലധികം വർധിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ആകെ വിദേശ നിക്ഷേപ ശേഖരം ഇരട്ടിയായി. നിക്ഷേപ പ്രവാഹത്തിന്റെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് 24 ശതമാനവും നിക്ഷേപ സ്റ്റോക്കിന്റേത് 10 ശതമാനവുമായാണ് ഉയർന്നത്.
വിദേശ-ആഭ്യന്തര നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സൗദി നിക്ഷേപ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ദേശീയ പരിവർത്തന പ്രോഗ്രാമുകളും നിയന്ത്രണ-ഘടനാപരമായ പരിഷ്കാരങ്ങളുമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. നിക്ഷേപ അന്തരീക്ഷത്തിന്റെ മത്സരശേഷി വർധിപ്പിച്ചതിലൂടെ ആഗോള നിക്ഷേപകർക്ക് സൗദി സമ്പദ്വ്യവസ്ഥയിലുള്ള ആത്മവിശ്വാസം കൂടുതൽ ശക്തിപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.



