തെഹ്‌റാൻ: പ്രാദേശിക രാജ്യങ്ങൾ സംയുക്തമായി ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം വഹിക്കണമെന്ന ഒമാന്റെ നിർദ്ദേശം ഇറാൻ തള്ളിക്കളഞ്ഞതായി മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇത്തരമൊരു സംയുക്ത സംവിധാനം വിജയിക്കാൻ സാധ്യതയില്ലെന്ന് ഇറാൻ വ്യക്തമാക്കി.
മറ്റ് ശക്തികളുടെ ഇടപെടലുകളില്ലാതെ, തങ്ങളുടെ നിയന്ത്രണ പരിധിയിൽ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇറാനും ഒമാനും ചേർന്ന് കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കണം. ഒമാനെ മികച്ച അയൽരാജ്യമായും നിർണ്ണായക മധ്യസ്ഥനായുമാണ് ഇറാൻ കാണുന്നത്. എന്നാൽ കടലിടുക്കിന്റെ നിയന്ത്രണം ഇരുരാജ്യങ്ങളും തുല്യമായി പങ്കിടുന്ന 50/50 കരാർ ഇറാന്റെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമല്ല. സ്വന്തം അതിർത്തിയിൽപ്പെടുന്ന ഭാഗത്തിന്റെ മേൽനോട്ടം ഒമാൻ തന്നെ വഹിക്കണം. ഒമാന്റെ പ്രാദേശിക ജലാതിർത്തിയിലൂടെയുള്ള തെക്കൻ പാത വഴിയുള്ള കപ്പൽ ഗതാഗതം അപകടസാധ്യതയുള്ളതാണെന്നും ഇറാൻ ചൂണ്ടിക്കാട്ടി.
അതേസമയം, കടലിടുക്കുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഇറാൻ അനാവശ്യമായി പെരുപ്പിച്ചു കാണിക്കുകയാണെന്ന് യു.എസ് ഉദ്യോഗസ്ഥൻ ആരോപിച്ചു. ഈ ആവശ്യങ്ങൾ അമേരിക്കയും ഒമാനും അന്താരാഷ്ട്ര സമൂഹവും പൂർണ്ണമായി നിരസിക്കുകയാണ്. നിലവിൽ ചർച്ച ചെയ്യുന്ന കരാർ കേവലം ഗതാഗത ഏകോപനവുമായി ബന്ധപ്പെട്ടതു മാത്രമാണെന്നും, ടോളോ മറ്റ് ചാർജുകളോ ചുമത്തുന്നത് ഇതിൽ ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിലല്ല, മറിച്ച് അമേരിക്കയുടെ പക്കലാണെന്ന് യു.എസ് പ്രസിഡന്റ് ആവർത്തിച്ചു. ഇതിനെതിരെ, കടലിടുക്കിലെ തെക്കൻ പാത തുറന്നു നൽകിയാൽ ഇറാന് ജലപാതയുടെ മേലുള്ള പൂർണ്ണ നിയന്ത്രണം നഷ്ടപ്പെടുമെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി വാദിച്ചു. കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്ന ചുമതല മറ്റൊരു രാജ്യത്തെ ഏൽപ്പിക്കാമെന്ന ഒമാന്റെ അഭ്യർത്ഥനയും ഇറാൻ നിരസിച്ചു. ഹോർമുസ് കടലിടുക്ക് രാജ്യത്തിന്റെ ദേശീയ സുരക്ഷയുടെ ഭാഗമാണെന്നും പ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന അറേബ്യൻ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും ഇടയിലുള്ള ഈ തന്ത്രപ്രധാന ജലപാതയുടെ നിയന്ത്രണം അമേരിക്ക-ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിലെ പ്രധാന തടസ്സമായി തുടരുകയാണ്. യുദ്ധം ആരംഭിച്ചത് മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ്.





