തെഹ്‌റാന്‍– റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡര്‍ അലി റിസ തങ്സീരി വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ യു.എസ്, ഇസ്രായില്‍ വൃത്തങ്ങള്‍ അലി റിസ തങ്സീരിയുടെ മരണം സ്ഥിരീകരിച്ച് 96 മണിക്കൂറിലധികം കഴിഞ്ഞാണ് റെവല്യൂഷണറി ഗാര്‍ഡ് സ്ഥിരീകരണം വന്നത്. റെവല്യൂഷണറി ഗാര്‍ഡ് പ്രചാരണ, മാധ്യമ വകുപ്പിന് കീഴിലെ ടെലിഗ്രാം ചാനലുകള്‍ ശനിയാഴ്ച അലി റിസ തങ്സീരിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ച യു.എസും ഇസ്രായിലും പ്രഖ്യാപിച്ചതിനുശേഷം അദ്ദേഹത്തിന്റെ വിധിയെ കുറിച്ചോ പരിക്കുകളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. വെള്ളിയാഴ്ച ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ തങ്സീരിയുടെ ഡെപ്യൂട്ടിയും റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ ഇന്റലിജന്‍സ് മേധാവിയുമായ ബെഹ്നാം റിസായിയുടെ മരണം സ്ഥിരീകരിച്ചു.
ഓപ്പറേഷനില്‍ റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡര്‍ തങ്സീരിയെയും മറ്റ് ഏതാനും മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥരെയും ഇസ്രായില്‍ സൈന്യം ഇല്ലാതാക്കിയതായി മാര്‍ച്ച് 26 ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ബെഹ്നാം റിസായിയുടെ മരണവും പ്രസ്താവനയില്‍ പരാമര്‍ശിച്ചു. മൈനുകള്‍ സ്ഥാപിക്കുകയും ഹുര്‍മുസ് കടലിടുക്ക് അടച്ചിടുകയും ചെയ്ത ഭീകരാക്രമണത്തിന് തങ്സീരി നേരിട്ട് ഉത്തരവാദിയാണെന്ന് കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.
2018 മുതല്‍ റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡര്‍ പദവി വഹിച്ചിരുന്ന മുതിര്‍ന്ന കമാന്‍ഡറായ തങ്സീരിയുടെ മരണം ഇറാന് മറ്റൊരു പ്രധാന പ്രഹരമാണ്. ഹുര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതില്‍ തങ്സീരി പ്രധാന പങ്ക്‌വഹിച്ചു. കൂടുതല്‍ യു.എസ് സൈന്യം ഈ മേഖലയിലേക്ക് എത്തുകയും ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ശ്രമിച്ച് സാധ്യതയുള്ള യു.എസ് ഓപ്പറേഷനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തങ്സീരിയുടെ മരണം ഇറാന്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
തങ്സീരിയുടെ മരണം മേഖലയെ കൂടുതല്‍ സുരക്ഷിതമാക്കിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ ബ്രാഡ് കൂപ്പര്‍ വ്യാഴാഴ്ച പറഞ്ഞു. റെവല്യൂഷണറി ഗാര്‍ഡ് നാവികസേനക്കെതിരായ യു.എസ് ആക്രമണങ്ങള്‍ തുടരും. കൂടുതല്‍ പരിക്കുകളോ മരണമോ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാന്‍ റെവല്യൂഷണറി ഗാര്‍ഡ് നാവികസേനയില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ ഇറാനികളും ഉടന്‍ തന്നെ അവരുടെ സ്ഥാനം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങണമെന്നും ബ്രാഡ് കൂപ്പര്‍ വ്യക്തമാക്കി.



