തെഹ്‌റാൻ/ടെൽ അവീവ്: തെക്കൻ ലെബനോനിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയതിന് പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ബുധനാഴ്ച ഒപ്പുവെച്ച വെടിനിർത്തൽ ധാരണാപത്രം അമേരിക്കയും ഇസ്രായേലും ലംഘിച്ച പശ്ചാത്തലത്തിലാണ് കപ്പലുകൾക്ക് മുന്നിൽ കടലിടുക്ക് അടയ്ക്കുന്നതെന്ന് ഇറാൻ സുപ്രീം മിലിട്ടറി കമാൻഡ് വ്യക്തമാക്കി. ലെബനോനിൽ ആക്രമണം തുടർന്നാൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി.
അതേസമയം, ലെബനോനിലെ വ്യോമാക്രമണങ്ങൾ അതിരൂക്ഷമായതിന് പിന്നാലെ, സൈനിക നടപടികൾ നിർത്തിവെക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകി. എന്നാൽ, തെക്കൻ ലെബനോനിൽ ഇസ്രായേൽ സൈന്യം പിടിച്ചെടുത്ത ബഫർ സോണുകളിൽ നിന്നുള്ള പിന്മാറ്റം ഈ ഉത്തരവിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ വൃത്തങ്ങൾ സൂചിപ്പിച്ചു.
ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ; യു.എസ് സംഘം സ്വിറ്റ്സർലൻഡിൽ
ധാരണാപത്രത്തിലെ വ്യവസ്ഥകൾ പൂർണ്ണമായി നടപ്പാക്കാതെ സ്വിറ്റ്സർലൻഡിലെ ലൂസേണിൽ വെച്ച് നടക്കാനിരുന്ന തുടർചർച്ചകൾക്ക് തങ്ങളുടെ പ്രതിനിധി സംഘം പോകില്ലെന്ന് ഇറാൻ ആദ്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് സ്വിറ്റ്സർലൻഡിലേക്ക് പ്രതിനിധികളെ അയക്കാൻ ഇറാൻ വിദേശകാര്യ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
- ഇറാനുമായുള്ള അന്തിമ കരാർ ചർച്ചകൾക്കായി യു.എസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോവ്, ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരുടെ നേതൃത്വത്തിലുള്ള യു.എസ് പ്രതിനിധി സംഘം സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ എത്തിയിട്ടുണ്ട്.
- ലെബനോനെതിരായ ആക്രമണം നിർത്താൻ ഇസ്രായേലിനെ നിർബന്ധിക്കാൻ അമേരിക്ക ബാധ്യസ്ഥരാണെന്നും, ‘പ്രതിബദ്ധതയ്ക്ക് പകരം പ്രതിബദ്ധത’ എന്നതാണ് തങ്ങളുടെ നയമെന്നും ഇറാൻ വിദേശ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി.
- അമേരിക്ക, ഇറാൻ, പാകിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന യു.എസ്-ഇറാൻ ധാരണയുമായി ബന്ധപ്പെട്ട സാങ്കേതിക ചർച്ചകൾ ഞായറാഴ്ച സ്വിറ്റ്സർലൻഡിൽ ആരംഭിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ലെബനോനിൽ വീണ്ടും ആക്രമണം; മരണം 4,000 കടന്നു
വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്ക് ഇടയിലും തെക്കൻ ലെബനോനിലെ നിരവധി ഗ്രാമങ്ങളിലും ബെക്കാ താഴ്വരയിലും ഇസ്രായേൽ നടത്തിയ ഡസൻ കണക്കിന് വ്യോമാക്രമണങ്ങളിൽ ഒരു ലെബനീസ് സൈനികൻ ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച മാത്രം നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി ഉയർന്നതായി ലെബനോൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
അതേസമയം, ഇസ്രായേൽ സേനയ്ക്ക് നേരെ ഹിസ്ബുല്ല 50-ഓളം റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിച്ചതാണ് നിലവിലെ സംഘർഷത്തിന് കാരണമെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തി. എന്നാൽ ഇസ്രായേലിന്റെ വെടിനിർത്തൽ ലംഘനങ്ങൾക്കുള്ള തിരിച്ചടിയായാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ലയും അവകാശപ്പെട്ടു.
മാർച്ച് 2-ന് ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ലെബനോനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 4,057 ആയി ഉയർന്നു. ഇതിൽ 135 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. പന്ത്രണ്ടായിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.



