അബുദാബി: യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി മുശ്‌രിഫ് മാൾ ലുലു ഹൈപ്പർമാർക്കറ്റിലും ഫിഷ് മാർക്കറ്റിലും സന്ദർശനം നടത്തി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കൊപ്പം ഒരു മണിക്കൂറോളം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മുശ്‌രിഫ് മാളിൽ ചെലവഴിച്ചു. അപ്രതീക്ഷിതമായി യു.എ.ഇ. ഭരണാധികാരിയെ നേരിട്ട് കാണാനായതിന്റെ ആവേശത്തിലായിരുന്നു ഉപഭോക്താക്കൾ. ജനങ്ങളോട് വിശേഷങ്ങൾ തിരക്കി, ഷെയ്ഖ് മുഹമ്മദ് ലുലു ചുറ്റി കണ്ടു.
പ്രതിസന്ധിഘട്ടത്തിൽ ഭക്ഷ്യവസ്തുക്കളുടേയും അവശ്യസാധനങ്ങളുടേയും വിതരണം തടസ്സപ്പെടാതെ ഉറപ്പാക്കുകയും വിപണിയിൽ വിലസ്ഥിരത നിലനിർത്താൻ നടപടികൾ സ്വീകരിക്കുകയും ചെയ്ത യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കാൻ ലുലു സ്വീകരിച്ച മുൻകരുതലുകളുടെയും വിപണിയിലെ വിലസ്ഥിരത ഉറപ്പാക്കുന്നതിനായി നടത്തിയ ശ്രമങ്ങളുടെയും ഇടപെടലുകളുടെയും നേർസാക്ഷ്യം കൂടിയായി യു.എ.ഇ. ഭരണാധികാരിയുടെലുലുവിലെ സന്ദർശനം.
ലുലു സി.ഇ.ഒ. സെയ്ഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ., ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർമാരായ സലിം എം.എ., മുഹമ്മദ് അൽത്താഫ് ഉൾപ്പെടെയുള്ള ലുലു ഗ്രൂപ്പ് മാനേജ്‌മെന്റ് നേതൃത്വവുമായും ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.







