അബുദാബി – ഒമാന്റെ പ്രദേശിക ജലാതിര്‍ത്തിയില്‍ ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന യു.എ.ഇയുടെ രണ്ടു എണ്ണ ടാങ്കറുകള്‍ക്കു നേരെ രണ്ട് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന് ആക്രമണം നടത്തിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൊംബാസ, അല്‍ബാഹിയ എന്നീ ടാങ്കറുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൊംബാസയിലെ ജീവനക്കാരനായ ഇന്ത്യക്കാരന് കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ നാല് പേരുടെ പരിക്കുകള്‍ ഗുരുതരമാണ്. പരിക്കേറ്റവരില്‍ ആറു പേര് ഇന്ത്യക്കാരും രണ്ടു പേര് ഉക്രെയ്ന്കാരുമാണ്.
ആക്രമണത്തില്‍ ഉണ്ടായ തീപിടുത്തം മൂലം രണ്ട് ടാങ്കറുകള്‍ക്കും സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. അഗ്നിബാധ പിന്നീട് നിയന്ത്രണവിധേയമാക്കി.
ഈ നഗ്നമായ ആക്രമണത്തെ യു.എ.ഇ പ്രതിരോധ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് ഗുരുതരമായ നിയമ ലംഘനവും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ, അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനവുമാണെന്ന് മന്ത്രാലയം വിശേഷിപ്പിച്ചു. ഈ ആക്രമണത്തോട് പ്രതികരിക്കാനും, പരമാധികാരം, സുരക്ഷ, സ്ഥിരത, ദേശീയ താല്‍പ്പര്യങ്ങള്‍, തന്ത്രപരമായ ആസ്തികള്‍ എന്നിവ സംരക്ഷിക്കുന്ന രീതിയില്‍, തങ്ങളുടെ ഭൂപ്രദേശത്തെയും ജനങ്ങളെയും രാജ്യത്ത് കഴിയുന്ന പ്രവാസികളെയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും രാജ്യത്തിന് പൂര്‍ണ്ണ അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏതൊരു ഭീഷണിയെയും നേരിടാന്‍ പൂര്‍ണ്ണമായും സുസജ്ജമാണെന്നും രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തിനും ശക്തമായ തിരിച്ചടി നല്കാന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടാനും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ കുടുംബത്തിനും ഇന്ത്യക്കും അവിടുത്തെ ജനങ്ങള്‍ക്കും യു.എ.ഇ ആത്മാര്‍ഥ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. സമുദ്ര ഗതാഗത സ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കുകയും വാണിജ്യ കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങളും അന്താരാഷ്ട്ര സമുദ്ര പാതകള്‍ തടസ്സപ്പെടുത്തുന്നതും നിരാകരിക്കുകയും ചെയ്യുന്ന ഐക്യരാഷ്ട്രസഭ രക്ഷാ സമിതി 2817 -ാം നമ്പര്‍ പ്രമേയത്തിന്റെ നഗ്നമായ ലംഘനമാണ് ആക്രമണമെന്ന് യു.എ.ഇ വിദേശ മന്ത്രാലയം പറഞ്ഞു. വാണിജ്യ കപ്പല്‍ ഗതാഗതത്തെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്നതും ഹോര്‍മുസ് കടലിടുക്കിനെ സമ്മര്‍ദ്ദത്തിന്റെയോ സാമ്പത്തിക ബലപ്രയോഗത്തിന്റെയോ ഉപകരണമായി ഉപയോഗിക്കുന്നതും കടല്‍ക്കൊള്ളക്ക് തുല്യമാണെന്നും ഇത് പ്രാദേശിക സ്ഥിരതക്കും ജനങ്ങളുടെ സുരക്ഷക്കും ആഗോള ഊര്‍ജ സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയാണെന്നും വിദേശ മന്ത്രാലയം പറഞ്ഞു.
ഇത്തരം ആക്രമണങ്ങള്‍ ഉടനടി നിര്‍ത്താനും ശത്രുതാപരമായ എല്ലാ പ്രവൃത്തികളും പൂര്‍ണ്ണമായും അവസാനിപ്പിക്കാനും, പ്രാദേശിക സുരക്ഷയും ആഗോള സമ്പദ്വ്യവസ്ഥയുടെയും അന്താരാഷ്ട്ര വ്യാപാരത്തിന്റെയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും നിരുപാധികമായും വീണ്ടും തുറക്കുന്നത് ഉറപ്പാക്കാനും യു.എ.ഇ ഇറാനോട് ആവശ്യപ്പെട്ടു.



