ഹാമില്‍ട്ടന്‍– ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് കൂടുതല്‍ സഹായം അനുവദിക്കാനും ഹമാസിനെ പാര്‍ശ്വവല്‍ക്കരിക്കാനും നിര്‍ണായകമാണെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ. മാനുഷിക സഹായത്തില്‍ മാത്രമല്ല, പുനര്‍നിര്‍മ്മാണത്തിലും കാര്യമായ പുരോഗതി കാണണമെങ്കില്‍ സുരക്ഷ ആവശ്യമാണെന്ന് റൂബിയോ പറഞ്ഞു. ഗാസയില്‍ അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുന്നതിനെ പിന്തുണക്കുന്ന പ്രമേയം യു.എന്‍ രക്ഷാ സമിതി പാസാക്കുമെന്ന് ശുഭാപ്തിവിശ്വാസമുണ്ട്. കരട് പ്രമേയത്തില്‍ നല്ല പുരോഗതി കൈവരിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. വളരെ വേഗം അതില്‍ നടപടിയെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഗാസയുടെ താല്‍പ്പര്യങ്ങള്‍ സന്തുലിതമാക്കാനുള്ള വഴികളും ഒരു സുരക്ഷാ സേനക്ക് അപ്പുറം ഗാസയിലെ കാര്യങ്ങള്‍ വ്യവസ്ഥാപിതമാക്കാനുള്ള വഴികളും വിവിധ രാജ്യങ്ങളുമായി അമേരിക്ക ചര്‍ച്ച ചെയ്യുന്നുണ്ടെന്നും കാനഡയില്‍ നടന്ന ജി-7 വിദേശ മന്ത്രിമാരുടെ യോഗത്തിനു ശേഷം റൂബിയോ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികരെ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ള ബഹുരാഷ്ട്ര സേന, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയുടെ ഭാഗമാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദം ചെലുത്തി സാധ്യമാക്കിയ ഗാസയിലെ വെടിനിര്‍ത്തല്‍ നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ബഹുരാഷ്ട്ര സേനയെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട കരട് പ്രമേയം യു.എന്‍ രക്ഷാ സമിതി അംഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ആഴ്ച അമേരിക്ക വിതരണം ചെയ്യാന്‍ തുടങ്ങി.
അതേസമയം, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായിലി കുടിയേറ്റക്കാര്‍ നടത്തുന്ന അക്രമങ്ങൾ ഗാസയിലെ വെടിനിര്‍ത്തല്‍ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് യു.എസ് വിദേശ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഞാന്‍ പ്രതീക്ഷിക്കുന്നില്ല, ഞങ്ങള്‍ അത് പ്രതീക്ഷിക്കുന്നില്ല. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വെസ്റ്റ് ബാങ്കിലെ അക്രമ സംഭവങ്ങള്‍ ഗാസ വെടിനിര്‍ത്തലിനെ അപകടത്തിലാക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റൂബിയോ മറുപടി നൽകി.



