സൻആ: സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഹൂത്തി വിമതർ. “കണ്ണിന് കണ്ണ് എന്ന തത്വത്തിലധിഷ്ഠിതമായാണ് സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം ഏർപ്പെടുത്തുന്നത്. പ്രഖ്യാപനം വന്ന നിമിഷം മുതൽ ഉപരോധം പ്രാബല്യത്തിൽ വരും,” എന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ വ്യക്തമാക്കി.അതേസമയം, രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ഹോർമുസ് കടലിടുക്ക് ദുരുപയോഗം ചെയ്യാൻ ശത്രുക്കളെ അനുവദിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ പരമാധികാരവും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി തെഹ്‌റാനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിനെതിരെ അമേരിക്ക സൈനിക നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും, മധ്യസ്ഥർ വഴിയുള്ള നയതന്ത്ര സന്ദേശ കൈമാറ്റങ്ങൾ സജീവമായി തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോർദാനിൽ കൊല്ലപ്പെട്ട യു.എസ് സൈനികരെ തിരിച്ചറിഞ്ഞു
ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് യു.എസ് സൈനികരെ അമേരിക്കൻ സൈന്യം തിരിച്ചറിഞ്ഞു. ഹവായിയിലെ ഇവാ ബീച്ച് സ്വദേശിയായ ഫസ്റ്റ് ലെഫ്റ്റനന്റ് ടൈലർ ജെയിംസ് ഫീഹാൻ (25), ടെക്സസിലെ കരോൾട്ടൺ സ്വദേശിനി ഇസബെല്ല ഗൊൺസാലസ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്.
പൂർണ്ണതോതിലുള്ള യുദ്ധമുഖത്തെന്ന് ഇറാൻ പ്രസിഡന്റ്
രാജ്യം പൂർണ്ണതോതിലുള്ള യുദ്ധ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ സജ്ജരാകണമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നും ഈ ചെറുത്തുനിൽപ്പിന്റെ സ്വാഭാവികമായ അനന്തരഫലങ്ങൾ അംഗീകരിക്കാൻ നാം തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.




