ഗാസ – ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടതായി ഗാസ മുനമ്പിലെ ആരോഗ്യ അധികൃതരും ഖത്തറിലെ അല്‍ജസീറ ടെലിവിഷനും റിപ്പോര്‍ട്ട് ചെയ്തു. ഗാസ നഗരത്തിലെ തീരദേശ റോഡിലൂടെ കാറോടിച്ചുപോകുന്നതിനിടെയാണ് അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് വിഷാഹ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരു ഫലസ്തീനിയും കൊല്ലപ്പെട്ടതായി ആരോഗ്യ അധികൃതര്‍ പറഞ്ഞു. 2024 ഫെബ്രുവരിയില്‍, ഗാസക്കെതിരായ ഇസ്രായിലി യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത്, മുഹമ്മദ് വിഷാഹ് ഹമാസിന്റെ സൈനിക വിഭാഗത്തിലെ അംഗമാണെന്ന് ഇസ്രായില്‍ സൈന്യം ആരോപിച്ചു. മുഹമ്മദ് വിഷാഹ് ആയുധ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതായി കാണിക്കുന്ന ഫോട്ടോകള്‍ സൈന്യം പുറത്തുവിടുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍, മധ്യ ഗാസ മുനമ്പില്‍ ഇസ്രായിലി വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി പാരാമെഡിക്കുകള്‍ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇസ്രായിലും ഹമാസും യു.എസ് മധ്യസ്ഥതയില്‍ കരാറിലെത്തി. കരാര്‍ ലംഘിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിക്കുന്നു. കരാര്‍ ഒപ്പിട്ടതിനുശേഷം ഇസ്രായില്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 700 പേര്‍ കൊല്ലപ്പെട്ടു. ഇതേ കാലയളവില്‍ പോരാളികളുടെ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ പറയുന്നു.



