സൂറിച്ച്– യുദ്ധക്കെടുതിയിൽ തകർന്ന ഗസ്സയിൽ പ്രത്യാശയുടെ പന്ത് തട്ടിത്തുടങ്ങാൻ 450 കോടി രൂപയുടെ ബൃഹത്തായ സ്റ്റേഡിയം നിർമ്മിക്കുമെന്ന് ഫിഫ. വാഷിംഗ്ടണിൽ നടന്ന ‘ബോർഡ് ഓഫ് പീസ്’ യോഗത്തിലാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഗസ്സയുടെ കായിക ഭാവിക്കായുള്ള ഈ വൻ പദ്ധതി വെളിപ്പെടുത്തിയത്.
ഏകദേശം 20,000 മുതൽ 25,000 വരെ കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയമാണ് ഫലസ്തീനിൽ ഉയരുക. ഇതിനു പുറമെ, 125 കോടി രൂപ ചെലവിൽ അത്യാധുനിക ഫുട്ബോൾ അക്കാദമിയും ഫിഫ സ്ഥാപിക്കും. അഞ്ച് ഫുൾ സൈസ് പിച്ചുകൾ അടങ്ങുന്നതാകും ഈ അക്കാദമി.
ഗസ്സയുടെ പുനർനിർമ്മാണത്തിൽ കേവലം അടിസ്ഥാന സൗകര്യങ്ങൾ മാത്രം പോരെന്നും, ജനങ്ങളുടെ തകർന്ന വിശ്വാസവും പ്രതീക്ഷയും വീണ്ടെടുക്കാൻ ഫുട്ബോളിന് കഴിയുമെന്നും ഇൻഫാന്റിനോ വ്യക്തമാക്കി. “അവർക്ക് വീടുകളും ആശുപത്രികളും മാത്രം നൽകിയാൽ പോര, അവരുടെ വികാരങ്ങളെയും പ്രതീക്ഷകളെയും ഉണർത്തണം. ലോകത്തെ ഒന്നിപ്പിക്കാൻ കഴിയുന്ന പൊതുഭാഷയാണ് ഫുട്ബോൾ,” അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഗസ്സയിൽ ഫിഫ സംഘടിപ്പിക്കാനൊരുങ്ങുന്ന വിവിധ ഫുട്ബോൾ ലീഗുകളെക്കുറിച്ചുള്ള വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു. തകർന്ന മണ്ണിൽ പുതിയൊരു ഫുട്ബോൾ സംസ്കാരം കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫിഫ നേതൃത്വം അറിയിച്ചു.



