റിയാദ്- ശനിയാഴ്ച റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട 12 പേരിൽ ഒരാളെ തിരിച്ചറിഞ്ഞു. സൗദി വിമാന കമ്പനിയായ ഫ്ലൈ നാസിൽ എയർ ഹോസ്റ്റസ് ആയി ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ യുവതിയാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റിയാദ് വിമാനത്താവളത്തിലേക്ക് ഹൂത്തി ആക്രമണം, 12 പേർ കൊല്ലപ്പെട്ടു
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുപത്തിയെട്ടുകാരിയായ അസ്സ റംസി മുഹമ്മദ് ഹസ്സൻ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ജോർദാൻ പൗരനായ മുഹമ്മദ് ഹുസൈൻ അൽ ബർഖാവിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റൊരാൾ. ഈ സംഭവത്തിൽ നാല് ജോർദാൻ പൗരന്മാർക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കുന്നതിനായി ഇരുവരുടെയും മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇതിനിടെ, അബഹ വിമാനത്താവളത്തിൽ ഹൂത്തികൾ നടത്തിയ മറ്റൊരു ആക്രമണത്തിൽ കൊല്ലപ്പെട്ട മൊറോക്കൻ വനിതയുടെ സംസ്‌കാര ചടങ്ങുകൾ മക്കയിൽ നടന്നു. സൗദി പൗരന്മാരും മൊറൊക്കോ എംബസി, കോൺസുലേറ്റ് പ്രതിനിധികളും ചടങ്ങുകളിൽ സംബന്ധിച്ചു.







